06 December, 2019 07:00:35 PM


ഗോവ ഐ ലീഗില്‍ മലയാളികളുടെ പ്രതീക്ഷയായ ഗോകുലം കേരള എഫ് സിക്ക് രണ്ടാം വിജയം



പനജി: ഗോവ ഐ ലീഗില്‍ മലയാളികളുടെ പ്രതീക്ഷയായ ഗോകുലം കേരള എഫ് സിക്ക് രണ്ടാം വിജയം. ഇന്ന് ഗോവയില്‍ നടന്ന മത്സരത്തില്‍ പത്തുപേരുമായി പൊരുതി ഇന്ത്യന്‍ ആരോസിനെയാണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്‍റെ വിജയം. കളിയുടെ അവസാന 15 മിനുട്ടോളം പത്തുപേരുമായാണ് ഗോകുലം കളിച്ചത്.

ഇന്ന് മികച്ച രീതിയിലാണ് ഗോകുലം തുടക്കത്തില്‍ കളിച്ചത്. ആദ്യ പകുതിയില്‍ തന്നെ നിറയെ അവസരങ്ങള്‍ ഗോകുലം കേരള എഫ് സി സൃഷ്ടിച്ചു എങ്കിലും മാര്‍ക്കസ് ജോസഫിനും കിസേകയ്ക്കും പന്ത് വലയില്‍ എത്തിക്കാന്‍ ആയില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോകുലം ആഗ്രഹിച്ച ഗോള്‍ വന്നെത്തി. 49ആം മിനുട്ടില്‍ ഹെന്‍റി കിസേകയാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. കിസേകയുടെ ലീഗിലെ രണ്ടാം ഗോളാണിത്.

മത്സരത്തിന്‍റെ 76ആം മിനുട്ടില്‍ ഡിഫന്‍ഡര്‍ എറ്റിയെനെ ആണ് ഗോകുലം നിരയില്‍ നിന്ന് ചുവപ്പ് കണ്ട് പുറത്തായത്. പക്ഷെ ആ സമ്മര്‍ദ്ദം മറികടന്ന് വിജയം സ്വന്തമാക്കാന്‍ ഗോകുലത്തിനായി. ഈ വിജയത്തോടെ ഗോകുലം കേരള എഫ് സിക്ക് ലീഗ് ആറു പോയന്‍റായി. ഗോകുലം തന്നെയാണ് ലീഗില്‍ ഒന്നാമത് ഉള്ളത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K