19 November, 2019 05:17:22 PM
സംസ്ഥാന സ്‌കുള്‍ കായികമേളയില്‍ പാലക്കാടിന് ഓവറോള്‍ കിരീടം; മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്‌കൂള്‍
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിന് കിരീടം. 61.33 പോയിന്റ് നേടിയാണ് മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം നേടിയത്. കെ.എച്ച്.എസ് കുമരംപുത്തൂര്‍ സ്‌കൂള്‍ 56.33 പോയിന്റുമായി രണ്ടാം സ്ഥാനം നേടി. 29.33 പോയിന്റുമായി സെന്റ് ജോസഫ്‌സ് എച്ച്.എസ് പുല്ലൂരാംപാറയാണ് മൂന്നാം സ്ഥാനത്ത്.
ജില്ലകളില്‍ പാലക്കാട് ജില്ല ഓവറോള്‍ കിരീടം നേടി. 200 പോയിന്റുമായാണ് പാലക്കാടിന്റെ കിരീട നേട്ടം. 150.33 പോയിന്റുമായി എറണാകുളം രണ്ടാമതും 95.33 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്. 2016ന് ശേഷം ഇത് ആദ്യമായാണ് പാലക്കാട് കിരീടം നേടിയത്. കല്ലടി, ബി.ഇ.എം സ്‌കൂളുകളുടെ പ്രകടനമാണ് പാലക്കാടിനെ ഓവറോള്‍ കിരീട നേട്ടത്തിലേക്ക് എത്തിച്ചത്. ദീര്‍ഘദൂര ഇനങ്ങളിലും റിലേയിലും പാലക്കാടിന്റെ താരങ്ങള്‍ മികവ് പ്രകടിപ്പിച്ചു.
ഇന്ന് രാവിലെ നടന്ന മത്സരങ്ങളില്‍ എറണാകുളത്തിന് പത്തോളം പോയിന്റുകള്‍ നഷ്ടമായി. ഇതാണ് ഓവറോള്‍ കിരീട പോരാട്ടത്തില്‍ എറണാകുളത്തെ പാലക്കാടിന് പിന്നിലാക്കിയത്. രാവിലെ നടന്ന പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ വിജയിച്ചതോടെ പാലക്കാടിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടായി. സ്‌റ്റെഫി സാറ കോശിയാണ് പാലക്കാടിന് വേണ്ടി സ്വര്‍ണ്ണം നേടിയത്. പോള്‍ വാട്ടില്‍ നാല് പോയിന്റും പാലക്കാടിന് ലഭിച്ചു.