02 November, 2019 11:59:59 AM
ബ്ലാസ്റ്റേഴ്‌സ് ആദ്യ എവേ മത്സരത്തിന്; എതിരാളി പുതുമുഖമായ ഹൈദരാബാദ് എഫ് സി
ഹൈദരാബാദ്: സ്വന്തം തട്ടകത്തിൽ ആദ്യ രണ്ടു കളിയിൽ തരക്കേടില്ലാതെ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ പോരാട്ടം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ശനിയാഴ്ച പുതുമുഖ ടീമായ ഹൈദരാബാദ് എഫ്.സി.യെയാണ് അവരുടെ മണ്ണിൽ നേരിടുന്നത്. കിക്കോഫ് രാത്രി ഏഴരയ്ക്ക്.
ടീം ഘടന: കൊൽക്കത്തയ്ക്കെതിരേ ജയവും മുംബൈ സിറ്റിക്കെതിരേ തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ബാലൻസ് ഷീറ്റിലുള്ളത്. ഹൈദരാബാദിനെതിരേ കാര്യമായ മാറ്റങ്ങൾക്ക് പരിശീലകൻ എൽകോ ഷട്ടോരി മുതിരാനിടയില്ല.4-1-4-1 ഫോർമേഷനിൽ കളിക്കുന്ന ടീമിൽ മധ്യനിരയിൽ മാത്രമാകും ചെറിയ മാറ്റംവരുന്നത്. സഹൽ അബ്ദുസ്സമദ്, കെ.പി. രാഹുൽ എന്നിവരിലൊരാളെങ്കിലും ആദ്യ ഇലവനിൽ വന്നാൽ ടീമിന്റെ ഗെയിം പ്ലാൻ മാറാൻ സാധ്യതയുണ്ട്. സഹൽ കളിക്കുകയാണെങ്കിൽ മുസ്തഫ നിങ് പൂർണമായും ഡിഫൻസീവ് റോളിലാകും. സിഡോഞ്ച വിങ്ങറായെത്തും.
ഇറങ്ങുന്നത് രാഹുലാണെങ്കിൽ കെ. പ്രശാന്ത് പകരക്കാരന്റെ റോളിലാകും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ പ്രതിരോധം തന്നെയാകും ഇറങ്ങുന്നത്. ജെയ്റോ റോഡ്രിഗസിന് കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ അബ്ദുൾ ഹക്കുവോ രാജു ഗെയ്ക്ക്വാദോ പകരമെത്തും. ഗോൾ കീപ്പറായി ടി.പി. രഹ്നേഷ് കളിക്കാനാണ് സാധ്യത. മുന്നേറ്റത്തിൽ നായകൻ ബർത്തലോമ്യു ഒഗ്ബെച്ചെക്ക് മാറ്റമുണ്ടാകില്ല. ലീഗിൽ മൂന്ന് പോയന്റുമായി ഏഴാം സ്ഥാനത്താണ് ടീം.
ഹൈദരാബാദിന് ലീഗിൽ കന്നിജയം നേടാനായിട്ടില്ല. കളിച്ച രണ്ടു കളിയിലും തോറ്റ് അവസാനസ്ഥാനത്താണ്. മുന്നേറ്റനിരയിലേക്ക് ജൈൽസ് ബേൺസ്, പ്രതിരോധത്തിൽ റാഫേൽ ഗോമസ് എന്നിവർ തിരികെയെത്തും. മധ്യനിരക്കാരൻ മാഴ്സലീന്യോ ഫോമിലേക്കുയർന്നത് ടീമിന് ആത്മവിശ്വാസം പകരുന്നു. എന്നാൽ, രണ്ടു കളിയിൽ എട്ടു ഗോൾ വഴങ്ങിയത് പരിശീലകൻ ഫിൽ ബ്രൗണിന് തലവേദനയാണ്.
മുംബൈയ്ക്കെതിരായ തോൽവി വേദനാജനകമായിരുന്നു. ചുരുങ്ങിയത് ഒരു പോയന്റെങ്കിലും ടീം അർഹിച്ചിരുന്നു. അതേ അവസ്ഥയിലാണ് ഹൈദരാബാദും. ജംഷേദ്പുരിനോട് തോറ്റാണ് അവരെത്തുന്നത്. അതുകൊണ്ടുതന്നെ മൂന്നു പോയന്റ് നേടാനുള്ള ശ്രമത്തിലാകും ഇരുടീമുകളും -എൽകോ ഷട്ടോരി (പരിശീലകൻ, കേരള ബ്ലാസ്റ്റേഴ്സ്)