31 October, 2019 09:11:59 PM
സിലക്ടർമാർ ചായ കൊണ്ടുവന്നു തന്നെന്ന ആരോപണം; പൊട്ടിത്തെറിച്ച് ബോളിവുഡ് താരം അനുഷ്ക ശർമ
മുംബൈ: എം.എസ്.കെ. പ്രസാദ് അധ്യക്ഷനായ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്‍റെ സിലക്ഷൻ കമ്മിറ്റിയെ വിമർശിക്കവെ, തന്‍റെ പേരും അതിലേക്കു വലിച്ചിഴച്ച മുൻ താരം ഫാറൂഖ് എൻജിനീയർക്ക് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യ കൂടിയായ ബോളിവുഡ് താരം അനുഷ്ക ശർമയുടെ കനത്ത മറുപടി.
ദേശീയ സിലക്ഷൻ കമ്മിറ്റിയെ 'മിക്കിമൗസ് കമ്മിറ്റി' എന്നു പരിഹസിച്ച ഫാറൂഖ് എൻജീനിയർ, ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യ കൂടിയായ അനുഷ്ക ശർമയ്ക്ക് ചായ കൊണ്ടുപോയി കൊടുക്കുകയാണ് അവരുടെ പണിയെന്നും വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നീണ്ട കത്തിലൂടെ അനുഷ്ക രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയത്. ഫാറൂഖ് എൻജിനീയറുടെ പേര് എടുത്തു പറയാതെയാണ് അനുഷ്കയുടെ പ്രതികരണം.
ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുമ്പോഴാണ് എൺപത്തിരണ്ടുകാരനായ എൻജിനീയർ സിലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. എൻജിനീയറുടെ വിമർശനം മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ദൈർഘ്യമേറിയ കത്തിൽ എല്ലാ വിമർശനങ്ങൾക്കും അനുഷ്ക എണ്ണിയെണ്ണി മറുപടി നൽകിയത്. വളരെ കഷ്ടപ്പെട്ട് രൂപപ്പെടുത്തിയെടുത്ത കരിയറും ജീവിതവും ഇത്തരം അപവാദ പ്രചാരണങ്ങളുടെ പേരിൽ അടിയറവു വയ്ക്കാനാവില്ലെന്നും ക്രിക്കറ്റ് താരത്തിന്‍റെ ഭാര്യയാണെങ്കിലും ഒപ്പം ആത്മാഭിമാനമുള്ള, സ്വതന്ത്രചിന്തയുള്ള സ്ത്രീയാണ് താനെന്നും അനുഷ്ക കുറിച്ചു.