31 October, 2019 09:00:40 PM
വാട്സാപ് വഴി 'സ്പൈവെയർ' ആക്രമണം ഇന്ത്യയിലും; സോഫ്റ്റ്വെയർ നിർമിച്ചത് ഇസ്രയേൽ കമ്പനി
ദില്ലി: ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് വാട്സ് ആപ്പിലൂടെ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതില്‍ സര്‍ക്കാര്‍ വാട്സ് ആപ്പിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിവര സാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ വാട്സ്ആപ്പിലൂടെ ചോരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. സംഭവത്തെക്കുറിച്ച് വാട്സ്ആപ്പിനോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ എന്തു നടപടിയെടുക്കുന്നു എന്നും ചോദിച്ചിട്ടുണ്ട്. പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം ഇടപെടലുകള്‍ക്കും വിവര ശേഖരണത്തിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൃത്യമായ നടപടിക്രമങ്ങളുണ്ട്. അതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമാണെന്നും മന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുകയാണെന്ന് ആരോപണവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷം രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ സ്വകാര്യതയുടെ അവകാശ സീമകള്‍ ലംഘിച്ച് വ്യക്തികളെ നിരീക്ഷിക്കുകയാണ്. വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവിനെ തന്നെ ലംഘിക്കുന്ന പ്രവര്‍ത്തിയാണിത്. സുപ്രീംകോടതി അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയയ്ക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആവശ്യപ്പെട്ടു.
ഭീമ കോറേഗാവ് കേസില്‍ ഉള്‍പ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭിഭാഷകനായ നിഹാല്‍ സിംഗ് റാത്തോഡ്, ആക്ടിവിസ്റ്റ് ബേല ഭാട്ടിയ, അഭിഭാഷകന് ദിഗ്രി പ്രസാദ് ചൗഹാന്, മാധ്യമ പ്രവര്ത്തകന് സിദ്ധാന്ത് സിബല്‍, മനുഷ്യാവകാശ പ്രവര്ത്തകന് ആനന്ദ് തെല്‍തുംബ്ഡെ എന്നിവരുടെ ഫോണുകള്‍ നിരീക്ഷിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നാണു വിവരം.
ഇസ്രായേലിലെ സ്വകാര്യ ഹാക്കിംഗ് കന്പനി നിര്‍മിച്ച പെഗാസസ് എന്ന കുപ്രസിദ്ധമായ സോഫ്റ്റ്വെയറിലൂടെയാണു വിവരങ്ങള്‍ ചോര്‍ത്തിയത്.സാന്‍ ഫ്രാന്‍സിസ്കോ ഫെഡറല്‍ കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് വാട്സ് ആപ്പ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 1400ലധികം വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ആളുകളുടെ പേരോ, എത്ര പേരില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തിയെന്നോ കൃത്യമായി വാട്സ് ആപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
പെഗാസസ് പോലെയുള്ള സോഫ്റ്റ്വെയറുകള് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമേ നല്‍കൂ എന്നാണ് ഇവയുടെ നിര്‍മാതാക്കളായ ഇസ്രായേല്‍ കമ്പനി എന്‍എസ്ഒ വിശദീകരിക്കുന്നത്. ഉപയോക്താവിന്റെ ഫോണിലേക്ക് വീഡിയോ കോള്‍ വഴിയാണ് പെഗാസസ് എന്ന ചാര സോഫ്റ്റ്വെയര് നുഴഞ്ഞു കയറുന്നത്. ഫോണില്‍ കടന്നു കൂടുന്ന പെഗാസസ് ഉപയോക്താവിന്റെ വാട്സ്ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ സംഭാഷണങ്ങള്‍, പാസ് വേര്‍ഡുകള്‍, കോണ്ടാക്ട് ലിസ്റ്റ്, ഫോണിന്റെ മൈക്രോ ഫോണ്‍, കാമറ, കലണ്ടര്‍ ഇവന്റ്സ് എന്നിവയും, ടെലഗ്രാം, സ്കൈപ്പ്, വീ ചാറ്റ്, ഐ മെസേജ്, ഫേസ് ബുക്ക് മെസഞ്ചര്‍ എന്നിവയിലെ വിവരങ്ങളും ചോര്‍ത്തുമെന്നാണു റിപ്പോര്‍ട്ട്.