14 October, 2019 11:36:53 PM
ബി.സി.സി.ഐ പ്രസിഡന്റ് പദവിയിലേക്ക് എതിരില്ലാതെ ഗാംഗുലി; അമിത് ഷായുടെ മകന് സെക്രട്ടറി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബി.സി.സി.ഐ) അധ്യക്ഷപദവിയിലേക്ക് മുന്‍ ഓപണിങ് ബാറ്റ്സ്മാനും ദേശീയ ടീം നായകനുമായിരുന്ന സൗരവ് ഗാംഗുലിക്ക് എതിരില്ല. ഒക്ടോബര്‍ 23ന് നടക്കുന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചപ്പോള്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പദവികളിലേക്ക് ഐകകണ്ഠ്യേനെ തെരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പായി. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റായ ഗാംഗുലി തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക നല്കി.
സെക്രട്ടറിസ്ഥാനത്തേക്ക് ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് അംഗവുമായ ജയ് ഷാക്കും, ട്രഷറര്‍ സ്ഥാനത്തേക്ക് കേന്ദ്രമന്ത്രിയും മുന്‍ ബി.സി.സി.ഐ പ്രസിഡന്റുമായ അനുരാഗ് ഠാകുറിെന്റ സഹോദരന് അരുണ്‍ സിങ് ധുമലിനും എതിരാളികളില്ല. ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് കേരള ക്രിക്കറ്റ് അധ്യക്ഷന്‍ ജയേഷ് ജോര്‍ജ് നാമനിര്‍ദേശം നല്കി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട ബ്രിജേഷ് പട്ടേലിന് ഐ.പി.എല്‍ ചെയര്മാന് പദവി വാഗ്ദാനം ചെയ്താണ് വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നത്. അമിത് ഷാ, എന്‍. ശ്രീനിവാസന്, രാജീവ് ശുക്ല, അനുരാഗ് ഠാകുര്‍ എന്നിവരുടെ പിന്തുണയോടെയാണ് ഗാംഗുലിയുടെ വരവ്. 23നാണ് ബോര്‍ഡ് ജനറല്‍ ബോഡി യോഗം.