11 October, 2019 09:05:42 PM
അഴിമതി ആരോപണം: ടി സി മാത്യു കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്ത്
കൊച്ചി: ബിസിസിഐ വൈസ് പ്രസിഡന്‍റും കെസിഎ മുന്‍ പ്രസിഡന്‍റുമായിരുന്ന ടി സി മാത്യുവിനെ അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പുറത്താക്കി. അംഗത്വം റദ്ദാക്കണമെന്ന് നേരത്തെ ഓംബുഡ്സ്മാന്‍ നിര്‍ദേശിച്ചിരുന്നു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന കെസിഎ ജനറല്‍ ബോഡി യോഗം ഓംബുഡ്സ്മാന്‍റെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. അതേസമയം അംഗത്വം റദ്ദാക്കാനുള്ള കെസിഎ തീരുമാനത്തിനെതിരെ ടി സി മാത്യു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ടി സി മാത്യു അസോസിയേഷന്‍റെ പ്രസിഡന്റായിരിക്കെ ക്രിക്കറ്റ് അസോസിയേഷനില്‍ കോടികളുടെ അഴിമതി നടന്നതായിട്ടായിരുന്നു കണ്ടെത്തലുകള്‍. ഇത് ഓംബുഡ്സ്മാന്‍ ശരിവെക്കുകയായിരുന്നു. തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു ക്രമക്കേടുകള്‍. കെസിഎയുടെ പേരില്‍ സ്റ്റേഡിയ നിര്‍മാണവുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകള്‍ നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. സ്റ്റേഡിയം നിര്‍മാണത്തിന്റെ മറവില്‍ വന്‍തോതില്‍ പാറ പൊട്ടിച്ച് അനധികൃതമായി കടത്തിയെന്നായിരുന്നു മറ്റൊരു ആരോപണം. ഏകദേശം 46 ലക്ഷം രൂപയുടെ പാറയാണ് പൊട്ടിച്ച് കടത്തിയതത്രെ. ഇതു കൂടാതെ അസോസിയേഷന്‍ ഗസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതടക്കമുള്ള കണ്ടെത്തലുകളും ഓംബുഡ്സമാന്‍ ശരിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ടി സി മാത്യുവിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
എന്നാല്‍ ഈ കണ്ടെത്തല്‍ ടി സി മാത്യു നിഷേധിച്ചിരുന്നു. തന്‍റെ ഭാഗം കേള്‍ക്കാതെയോ വിശദീകരണം പോലും ചോദിക്കുകയോ ചെയ്യാതെയാണ് ഓംബുഡ്സ്മാന്‍ തീരുമാനം എടുത്തതെന്നും അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണ് റിപോര്‍ട്ടിലെ പരാമര്‍ശങ്ങളെന്നും ടി സി മാത്യു പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടി സി മാത്യു ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോടതി സ്റ്റേ നടപടികളിലേക്ക് കടക്കാത്തതിനാല്‍ പുറത്താക്കല്‍ നടപടിയുമായി മുന്നോട്ടു പോവാന്‍ കെസിഎ വാര്‍ഷിക യോഗം തീരുമാനിക്കുകയായിരുന്നു.