30 September, 2019 01:04:13 PM
അമ്മയായ ശേഷം ഷെല്ലി ആന്‍ ഫ്രേസറിന്‍റെ തിരിച്ചുവരവ് തകര്‍ത്തു; വേഗറാണിയായത് ലോക റെക്കോര്‍ഡോടെ
ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷെല്ലി ആന്‍ ഫ്രേസര്‍ വേഗറാണിയായി. വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കന്‍ താരമായ ഷെല്ലി ആന്‍ ഫ്രേസര്‍ 10.71 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ലോകറിക്കോര്‍ഡോടെയാണ് ഷെല്ലിയുടെ തിരിച്ചുവരവ്.
അമ്മയായ ശേഷം ട്രാക്കിലേക്ക് തിരിച്ചുവന്ന 32കാരിയായ ഷെല്ലി നേരത്തെ സീസണില്‍ രണ്ട് ഡയമണ്ട് ലീഗുകളില്‍ വിജയിച്ചിരുന്നു. മകന്‍റെ ജനനത്തിന് ശേഷം ട്രാക്കില്‍ നിന്ന് പതിമൂന്ന് മാസത്തെ ഇടവേളയെടുത്ത ഷെല്ലിയുടെ മിന്നുന്ന തിരിച്ചുവരവിനാണ് ദോഹ സാക്ഷിയായത്. രണ്ട് തവണ ഒളിംപിക്സ് ജേതാവ് കൂടിയായ 32 കാരിയുടെ നാലാമത്തെ സ്വര്‍ണനേട്ടമാണിത്. ബുള്ളറ്റ് പോലെ കുതിക്കുന്ന ഷെല്ലിയുടെ സ്റ്റാര്‍ട്ടിംഗ് തന്നെയാണ് ഇത്തവണയും സ്വര്‍ണനേട്ടത്തിലേക്ക് ഷെല്ലിയെ എത്തിച്ചത്.
മോസ്കോ ചാമ്പ്യന്‍ഷിപ്പില്‍ കുറിച്ച സമയം തന്നെയാണ് ഇവിടെയും ഷെല്ലി കുറിച്ചത്. 10.83 സെക്കന്‍റില്‍ ഫിനിഷ് ചെയ്ത ബ്രിട്ടന്‍റെ ഡിന ആഷര്‍ സ്മിത്തിനാണ് വെള്ളി. ലോകചാംപ്യന്‍ഷിപ്പിലെ ബ്രിട്ടന്‍റെ ആദ്യ മെഡല്‍ കൂടിയാണിത്. തന്‍റെ ദേശീയ റെക്കോര്‍ഡ് കൂടി ഡിന ദോഹയിലെ പ്രകടനത്തോടെ മെച്ചപ്പെടുത്തി. ഐവറി കോസ്റ്റിന്‍റെ മാരി ജോസ്സെ താ ലൗ 10.90സെക്കന്‍റില്‍ ഫിനിഷ് ചെയ്ത് വെങ്കലവും നേടി.