23 September, 2019 06:28:30 PM
കെ.ഇ. ട്രോഫി: കണ്ണൂര്‍ ഗവ. എച്ച്.എസ്.എസും കോട്ടയം ഗിരിദീപവും മാന്നാനം സെന്‍റ് എഫ്രേംസും ജേതാക്കള്‍
കോട്ടയം: കുര്യാക്കോസ് ഏലിയാസ് ട്രോഫിക്ക് വേണ്ടിയുള്ള 21-ാമത് വോളിബോള്‍, 17-ാമത് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് സമാപനം. തിങ്കളാഴ്ച നടന്ന വാശിയേറിയ വോളിബോള്‍ ഫൈനല്‍ മത്സരങ്ങളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ഗിരിദീപം സ്‌കൂള്‍ ഗവ. എച്ച്.എസ്.എസ്. പനമ്പള്ളി നഗറിനെയും (സ്‌കോര്‍: 25-18, 25-21, 22-25, 20-25, 15-9) പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂര്‍ ഗവ. എച്ച്.എസ്.എസ് വയനാട് സെന്റ് മേരീസ് എച്ച്.എസ്.എസിനെയും (സ്‌കോര്‍: 25-19, 18-25, 25-18, 25-21) പരാജയപ്പെടുത്തി 21-ാമത് കെ.ഇ. ട്രോഫി വോളിബോള്‍ കിരീടം കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങളില്‍ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്. 60-21 എന്ന സ്‌കോറിന് തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസിനെ പരാജയപ്പെടുത്തി തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ടൂര്‍ണമെന്റില്‍ വിജയികളായി.
മാന്നാനം കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനത്തില്‍ താമസ് ചാഴികാടന്‍ എം.പി. വിജയികള്‍ക്ക് ട്രോഫികളും, ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ബ്ലോക്ക്് പഞ്ചായത്ത് മെമ്പര്‍ പി.വി. മൈക്കിള്‍, കോട്ടയം ജില്ലാ ബാസ്‌ക്കറ്റ് ബോള്‍ അസ്സോസിയേഷന്‍ സെക്രട്ടറിയും, ഇന്റര്‍നാഷണല്‍ കോച്ചുമായ ബിജു. ഡി. തേമാന്‍, പി.ടി.എ. പ്രസിഡന്റ് ജോമി മാത്യു, വൈസ് പ്രസിഡന്റ് സന്ധ്യ ജി കുറുപ്പ്, വൈസ് പ്രിന്‍സിപ്പാളുമാരായ ഫാ. ചാള്‍സ് മുണ്ടകത്തില്‍, ഷാജി ജോര്‍ജ്ജ്, കായികാദ്ധ്യാപകരായ തോമസ് കെ.ജെ., സന്തോഷ് ജോസ്, ജിലു സിറിയക്, ഗ്രേസി മാത്യു എന്നിവര്‍ പ്രസംഗിച്ചു.