12 September, 2019 06:10:51 AM
സുപ്രധാന നേട്ടം: ഖത്തറിനെതിരെ ഈ വര്‍ഷം തോല്‍വി ഒഴിവാക്കിയ ആദ്യ ഏഷ്യന്‍ ടീമായി ഇന്ത്യ
ദോഹ: ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഇന്ത്യയോട് സമനില വഴങ്ങിയ ഖത്തറിന് നാണക്കേട്. ഈ വര്‍ഷം ആദ്യമായാണ് ഖത്തര്‍ ഒരു ഏഷ്യന്‍ ടീമിനോട് ജയമില്ലാതെ മൈതാനം വിട്ടത്. സ്വപ്‌ന കുതിപ്പ് തുടരാനിറങ്ങിയ ഖത്തര്‍ നേരത്തെ കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ചിരുന്നു. ഖത്തറിന്‍റെ പേരുകേട്ട അറ്റാക്കിംഗ് നിര 25 ഗോളുകളാണ് ഈ വര്‍ഷം അടിച്ചുകൂട്ടിയത്.
27 ശ്രമങ്ങള്‍ നടത്തിയിട്ടും ഗുര്‍പ്രീത് സിംഗ് സന്ധുവിന്‍റെ ഇന്ത്യന്‍ മതില്‍ ഭേദിക്കാന്‍ ഏഷ്യന്‍ ചാമ്പ്യമാര്‍ക്കായില്ല. ഗോള്‍രഹിത സമനിലയായിരുന്നു മത്സരത്തിന്‍റെ ഫലം. ഏഷ്യന്‍ കരുത്തരായ ജപ്പാന്‍, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഇറാഖ് ടീമുകളെല്ലാം ഖത്തറിന് മുന്നില്‍ 2019ല്‍ അടിയറവ് പറഞ്ഞിരുന്നു. അവിടെയാണ് സ്റ്റിമാച്ചിന്‍റെ കുട്ടികള്‍ തലയുയര്‍ത്തി സമനില പിടിച്ചുവാങ്ങിയത്. ഇതോടെ ഖത്തറിനോട് ഈ വര്‍ഷം തോല്‍വി ഒഴിവാക്കിയ ആദ്യ ഏഷ്യന്‍ ടീമായി ഇന്ത്യ.
ഇന്ത്യയെ കൂടാതെ ലാറ്റിനമേരിക്കല്‍ വമ്പന്‍മാരായ അര്‍ജന്‍റീന, ബ്രസീല്‍, കൊളംബിയ ടീമുകള്‍ക്ക് മാത്രമാണ് ഖത്തറിനോട് ഈ വര്‍ഷം ക്ലീന്‍-ഷീറ്റ് നേടാനായത് എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തിലും സ്വപ്‌ന സമനില ഇന്ത്യക്ക് ജയത്തേക്കാള്‍ മധുരമുള്ളതാകുന്നു. ഗുര്‍പ്രീതിനും ജിംങ്കാന്‍ നേതൃത്വം കൊടുക്കുന്ന പ്രതിരോധനിരയ്‌ക്കുമാണ് ഇന്ത്യയുടെ വീറുറ്റ സമനിലയുടെ ക്രഡിറ്റ്.