20 August, 2019 03:25:51 AM
സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോള്‍ : സൂപ്പര്‍ താരം അന്റോയിന്‍ കൂടുമാറിയിട്ടും തളരാതെ അത്‌ലറ്റിക്കോ മാഡ്രിഡ്
മാഡ്രിഡ്: സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്‌മാന്‍ കൂടുമാറിപോയിട്ടും സ്‌പാനിഷ് ലാ ലിഗയില്‍ തളരാതെ അത്‌ലറ്റിക്കോ മാഡ്രിഡ്. ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഗെറ്റാഫെയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ച് അവര്‍ സീസണിനു വിജയത്തുടക്കം കുറിച്ചു.
ഇന്നലെ നടന്ന മത്സരത്തില്‍ സ്‌പാനിഷ് താരം ആല്‍വാരോ മൊറാട്ടയാണ് അവരുടെ വിജയഗോള്‍ നേടിയത്. ഈ സീസണില്‍ ക്ലബില്‍ എത്തിയ കീറണ്‍ ട്രിപ്പിയറിന്റെ ക്രോസില്‍ നിന്നു മത്സരത്തിന്റെ 23-ാം മിനിറ്റിലായിരുന്നു മൊറാട്ടയുടെ വിജയഗോള്‍.
ആദ്യ പകുതിയില്‍ തന്നെ ഗെറ്റാഫെയുടെ ഹോര്‍ഗെ മോളിനയും അത്‌ലറ്റിക്കോയുടെ റെനാന്‍ ലോധിയും ചുവപ്പുകാര്‍ഡ് കണ്ടു പുറത്തു പോയതിനേത്തുടര്‍ന്ന് 10 പേരുമായാണ് ഇരുടീമുകളും ഭൂരിപക്ഷം സമയവും കളിച്ചത്.
വിജയമാര്‍ജിന്‍ ഉയര്‍ത്താന്‍ അത്‌ലറ്റിക്കോയ്‌ട്ട് രണ്ടാം പകുതിയില്‍ സുവര്‍ണാവസരം ലഭിച്ചതാണ്. എന്നാല്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി മൊറാട്ട തുലച്ചു. സ്‌പാനിഷ് താരത്തിന്റെ ഷോട്ട് ഗെറ്റാഫെ ഗോള്‍കീപ്പര്‍ മനോഹരമായി സേവ് ചെയ്യുകയായിരുന്നു.
വിജയത്തോടെ തുടങ്ങാനായെങ്കിലും അന്റോയിന്‍ ഗ്രീസ്‌മാന്‍ എന്ന ക്ലിനിക്കല്‍ ഫിനിഷറുടെ അഭാവം അത്‌ലറ്റിക്കോ നിരയില്‍ നിഴലിച്ചു കണ്ടു. ഗ്രീസ്‌മാനു പകരം ടീമിലെത്തിച്ച യാവോ ഫെലിക്‌സും ട്രിപ്പിയറും മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും പൂര്‍ണ മികവിലേക്കുകയരാന്‍ ടീമിനായില്ല.