02 August, 2019 09:18:00 PM
ഇന്ത്യക്കെതിരായ ടി20ക്ക് മുമ്പ് പരിക്ക് വില്ലനായി; വിന്‍ഡീസിന് തിരിച്ചടിയായി ആന്ദ്രെ റസൽ പുറത്ത്
ഫ്ലോറിഡ: ഇന്ത്യക്കെതിരായ ടി20 പരമ്പര നാളെ തുടങ്ങാനിരിക്കെ വെസ്റ്റ് ഇന്‍ഡീസിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരത്തിന്‍റെ പരിക്ക്. ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലാണ് പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായത്. ജേസണ്‍ മൊഹമ്മദ് ആണ് റസലിന്റെ പകരക്കാരന്‍.
കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ടി20 ചാമ്പ്യന്‍ഷിപ്പിനിടെയാണ് റസലിന് പരിക്കേറ്റത്. പരിക്ക് ഭേദമാവുമെന്ന പ്രതീക്ഷയിലാണ് ആദ്യ രണ്ട് ടി20ക്കുള്ള 14 അംഗ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയത്. ഐപിഎല്ലിനിടെയും ലോകകപ്പിനിടെയും പരിക്കിനെത്തുടര്‍ന്ന് റസലിന് മത്സരങ്ങള്‍ നഷ്ടമായിരുന്നു.
റസലിന്റെ പകരക്കാരനായ മൊഹമ്മദ് കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് അവസാനമായി വിന്‍ഡീസിനായി കളിച്ചത്. ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് വിന്‍ഡീസ് കളിക്കുക. രണ്ടെണ്ണം ഫ്ലോറിഡയിലും ഒരെണ്ണം ഗയാനയിലുമായാണ് മത്സരങ്ങള്‍. ഇതിനുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും ഇരു ടീമും കളിക്കും.