01 August, 2019 12:02:53 AM
ആഷസ് പോരാട്ടത്തിന് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം : കിരീടം നേടാന്‍ ഇംഗ്ലണ്ടും നിലനിര്‍ത്താന്‍ ഓസീസും
ലണ്ടന്‍ : ആഷസ് പോരാട്ടത്തിന് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം. സ്വന്തം നാട്ടില്‍ കിരീടം തിരികെ പിടിക്കാനാണ് ഇംഗ്ലണ്ട് ഇത്തവണ ഇറങ്ങുന്നത്. എഡ്ജ്ബാസ്റ്റണിലാണ് ആദ്യമത്സരം. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മത്സരം കൂടിയാണിത്. 2001 ന് ശേഷം ഓസീസിന് ഇംഗ്ലണ്ടില്‍ പരമ്പര നേടാനായിട്ടില്ല.
ടിം പെയ്‌നാണ് ഓസീസിന്റെ നായകന്‍. ഇംഗ്ലണ്ടിന്റെ നായകന്‍ ജോ റൂട്ടാണ്. ഏകദിന ലോകകപ്പിന് ശേഷം നടന്ന ഏക ടെസ്റ്റില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാത്തിലാണ് ഇംണ്ട് ഇറങ്ങുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പിന് ശേഷമുള്ള ആദ്യ ടെസ്റ്റാണ്.
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നുണ്ടായ വിലക്കുമാറി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ഓസീസീ ടീമില്‍ തിരികെയെത്തി. ഇത് ഓസീസിന്റെ കരുത്ത് വര്‍ധിപ്പിക്കും. പരിക്കില്‍ നിന്നും മോചിതരായ ഉസ്മാന്‍ ഖവാജയും ജയിംസ് പാറ്റിന്‍സണും ടീമില്‍ തിരിച്ചെത്തി.
ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബൗളിങ് കരുത്ത്. എന്നാല്‍ ബാറ്റിങ് ലൈനപ്പില്‍ ആശങ്കയുണ്ട്. അയര്‍ലന്‍ഡിനെതിരെ ആദ്യ ഇന്നിങ്‌സില്‍ മോശം പ്രകടനമായിരുന്നു ബാറ്റ്‌സ്മാന്മാരുടേത്.