19 July, 2019 07:27:22 PM


സി.ഐ.എസ്.സി.ഇ. കേരള സെന്‍ട്രല്‍ സോണ്‍ വോളിബോള്‍: ജേതാക്കളായി മാന്നാനം കെ.ഇ. സ്‌കൂള്‍




കോട്ടയം: ഐ.സി.എസ്.സി, ഐ.എസ്.സി സ്‌കൂളുകള്‍ക്കു വേണ്ടിയുള്ള സി.ഐ.എസ്.സി.ഇ. കേരള സെന്‍ട്രല്‍ സോണ്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ മാന്നാനം കെ.ഇ. സ്‌കൂള്‍ ജേതാക്കളായി. സീനിയര്‍ ബോയ്‌സ്, ജൂണിയര്‍ ബോയ്‌സ്, ജൂണിയര്‍ ഗേള്‍സ് എന്നീ വിഭാഗങ്ങളിലായി നടന്ന ടൂര്‍ണമെന്റിലെ എല്ലാ വിഭാഗങ്ങളിലും ജേതാക്കളായി മാന്നാനം കെ.ഇ. സ്‌കൂള്‍ ടൂര്‍ണമെന്റിലുടനീളം ആധിപത്യം പുലര്‍ത്തി.


ഫൈനല്‍ മത്സരങ്ങളില്‍ സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മാവേലിക്കര ബിഷപ്പ് മൂര്‍ വിദ്യാപീഥ് സ്‌കൂളിനെ 25-12, 25-15, 25-18 എന്ന സ്‌കോറിനും ജൂണിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മാത്യൂസ് മാര്‍ അത്തനേഷ്യസ് റസിഡന്‍ഷ്യല്‍ സ്‌കൂളിനെ 25-10, 25-21, 25-23 എന്ന സ്‌കോറിനും, ജൂണിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂളിനെ 25-16, 25-17, 25-21 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണ് മാന്നാനം കെ.ഇ. സ്‌കൂള്‍ ജേതാക്കളായത്.


സമാപന സമ്മേളനത്തില്‍ എ.എസ്.ഐ.എസ്.സി. കേരള റീജിയണ്‍ പ്രസിഡന്‍റും, മാന്നാനം കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ഫാ. ജയിംസ് മുല്ലശ്ശേരിയും, പൂര്‍വ്വ വിദ്യാര്‍ത്ഥിയും 2018-19 എഞ്ചിനീയറിംഗ് റാങ്ക് ജേതാവുമായ അമല്‍ മാത്യുവും വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍മാരായ ഫാ. ചാള്‍സ് മുണ്ടകത്തില്‍, ഷാജി ജോര്‍ജ്ജ്, ഹെഡ്മിസ്ട്രസ് റീന സൂസന്‍, ഷാനറ്റ് സെബാസ്റ്റ്യന്‍, പി.ആര്‍.ഒ. രുക്കു പി. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കായികാദ്ധ്യാപകരായ തോമസ് കെ.ജെ., സന്തോഷ് ജോസ്, ഗ്രേസി മാത്യു, ജിലു സിറിയക് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K