18 June, 2019 06:31:50 AM
ലോകകപ്പില്‍ വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് ബംഗ്ലാ കടുവകള്‍ക്ക് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം
ടോന്‍റണ്‍: ലോകകപ്പില്‍ ഷാക്കിബ് അല്‍ ഹസന്‍ കരീബിയന്‍ മോഹങ്ങള്‍ കരിച്ചപ്പോള്‍ ബംഗ്ലാ കടുവകള്‍ക്ക് ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കടുവകള്‍ 41.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയത്തിലെത്തി. ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയുമായി ഷാക്കിബാണ് (99 പന്തില്‍ 124*) ബംഗ്ലാദേശിന് ജയമൊരുക്കിയത്. ഈ ലോകകപ്പില്‍ ഒരു ടീം 300 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നത് ഇതാദ്യമാണ്.
തമീം ഇക്‌ബാല്‍ (48), സൗമ്യ സര്‍ക്കാര്‍ (29), മുഷ്‌ഫിഖുര്‍ റഹീം (1) എന്നിവരാണ് പുറത്തായ ബംഗ്ലാ ബാറ്റ്സ്‌മാന്‍മാര്‍. തമീമിനെ കോട്‌റല്‍ റണ്‍ഔട്ടാക്കിയപ്പോള്‍ സൗമ്യയെ റസലും മുഷ്‌ഫിഖുറിനെ ഓഷേനും പുറത്താക്കി. നാലാം വിക്കറ്റില്‍ ഒന്നിച്ച ഷാക്കിബും(124*) ലിറ്റണും(94*) ബംഗ്ലാദേശിനെ ജയത്തിലെത്തിച്ചു. ഇരുവരും 189 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സെഞ്ചുറിയോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷാക്കിബ് മുന്നിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. ഷായ് ഹോപ് (96), എവിന്‍ ലൂയിസ് (70), ഷിംറോണ്‍ ഹെറ്റ്മയേര്‍ (50) എന്നിവരുടെ ഇന്നിങ്‌സാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദീന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.