06 June, 2019 07:15:39 AM
കോഹ്‌ലിയും വീണു, രാഹുലിനെ കൂട്ടുപിടിച്ച് രോഹിത്: ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് നഷ്ടം
സതാംപ്ടണ്‍: ഇന്ത്യന്‍ പേസര്‍മാര്‍ അരങ്ങുവാണിടത്ത്, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ദൗത്യം ഏറ്റെടുത്തു. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ വിയപ്പൊഴുക്കി തുടങ്ങുന്ന കാഴ്ചയാണ് സതാംപ്ടണില്‍. കഗിസോ റബാദയ്ക്കു മുന്നില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വീണതിനു പിന്നാലെ നായകന്‍ കോഹ്‌ലിയും അടിയറവ് പറഞ്ഞ് മടങ്ങി. ദക്ഷിണാഫ്രിക്കയുടെ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മ(51 പന്തില്‍ 35), കെഎല്‍ രാഹുല്‍( ആറ് പന്തില്‍ മൂന്ന് റണ്‍സ്) യുമാണ് ക്രീസില്‍. 12 പന്തില്‍ എട്ട് റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ മൂന്നാം വിക്കറ്റില്‍ കോഹ്‌ലിയും രോഹിത് ശര്‍മ്മയും സ്‌കോര്‍ മുന്നോട്ടു നീക്കുന്നതിനിടെ 34 പന്തില്‍ 18 റണ്‍സെടുത്ത കോഹ്‌ലിയ ഫെഹ്‌ളുകവായോയുടെ പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
ഇന്ത്യയ്ക്കായി യൂസ്‌വേന്ദ്ര ചഹല്‍ നാല് വിക്കറ്റും, ബുംമ്രയും ഭുവനേഷ് കുമാറും രണ്ട് വിക്കറ്റ് വീതവും, കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. ചഹലിന്റെ പന്തില്‍ ഫെഹ്‌ലുവാകയോയെ സ്റ്റംപ് ചെയ്ത ധോണിയും മിന്നല്‍പ്പിണരായി.
ഓപ്പണിങ് നിരയെ ബുംമ്ര മടക്കിയതിനു പിന്നാലെ ഡബിള്‍ വീഴ്ത്തിയാണ് യുസ്‌വേന്ദ്ര ചഹല്‍ ഇന്ത്യന്‍ നിരയില്‍ ആവേശം വിതറിയത്. മൂന്നാം വിക്കറ്റില്‍ ഡുപ്ലെസി- ഡസന്‍ കൂട്ടുകെട്ട് പൊളിച്ചാണ് ഇരുവരെയും ചഹല്‍ ഗാലറിയിലേക്ക് മടക്കിയത്.
മൂന്നാം ഓവറില്‍ ബുംമ്രയുടെ രണ്ടാം പന്തിലാണ് ബുംമ്ര ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയെ( ഒന്‍പത് പന്തില്‍ ആറു റണ്‍സ്) സ്ലിപ്പില്‍ രോഹിത് ശര്‍മ്മയുടെ കൈകളില്‍ എത്തിച്ച് മടക്കിയത്. പിന്നാലെ അഞ്ചാം ഓവറിലെ അഞ്ചാമത്തെ പന്തില്‍ ക്വിന്റണ്‍ ഡികോക്കിനേയും(17 പന്തില്‍ 10 റണ്‍സ്) മടക്കി ദക്ഷിണാഫ്രിക്കയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. തുടര്‍ന്ന് ചഹല്‍ എത്തിയാണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. ഫാഫ് ഡുപ്ലെസി( 54 പന്തില്‍ 38 റണ്‍സ്), വാന്‍ ഡെ ഡസന്‍( 37 പന്തില്‍ 22) എന്നീ വിക്കറ്റുകളാണ് ചഹല്‍ വീഴ്ത്തിയത്. പിന്നാലെ എത്തിയ ജെപി ഡുമിനിയെ(11 പന്തില്‍ മൂന്ന്) കുല്‍ദീപ് എല്‍ബിയില്‍ കുരുക്കി. ഡേവിഡ് മില്ലര്‍( 31), ഫെഫ്‌ലുവകയോ(34) എന്നിവരുടെ വിക്കറ്റുകളും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായതോടെ ക്രിസ് മോറിസ് കഗിസോ റബാദയും ചേര്‍ന്ന കൂട്ടുകെട്ട് മെല്ലെ സ്‌കോര്‍ ചലിപ്പിക്കാന്‍ തുടങ്ങി. അവസാന ഓവറില്‍ ഭുവനേഷ് കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പൂര്‍ണമായും ഇന്ത്യന്‍ ബൗളര്‍മാര്‍ അഴിഞ്ഞാടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സതാംപ്ടണ്‍ കെണിയായി. 10 ഓവറില്‍ 51 റണ്‍സ് വഴങ്ങിയാണ് യുസ്‌വേന്ദ്ര ചഹല്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു