31 March, 2019 08:02:12 AM
മെസിയുടെ പനേങ്ക ഫ്രീ കിക്ക്; സ്പാനിഷ് ലീഗില്‍ ബാഴ്സലോണ അജയ്യരായി മുന്നേറുന്നു
മാഡ്രിഡ്: പനേങ്ക ഫ്രീ കിക്കുമായി മെസി മൈതാനം ഭരിച്ച മത്സരത്തിൽ ബാഴ്സലോണക്ക് വിജയം. എസ്പാനിയോളിനെ മെസിയുടെ ഇരട്ടഗോളിലാണ് ബാഴ്സ തോൽപ്പിച്ചത്. ആദ്യപകുതിയിൽ ഗോളൊന്നും കണ്ടെത്താൻ ബാഴ്സലോണക്ക് സാധിച്ചില്ല. മെസിയെ പൂട്ടാൻ ഒരളവോളം അവർക്കായി. എന്നാൽ രണ്ടാം പകുതുയിൽ കളിമാറി. ആർദറിനെ പിൻവലിച്ച് മാൽക്കത്തിനെ ഇറക്കിയതോടെ കുട്ടീഞ്ഞോ കൂടുതലായി മധ്യനിരയിലേക്ക് ഇറങ്ങി കളിയുടെ ഗതിമാറ്റാൻ തുടങ്ങി.
മത്സരത്തിന്റെ 70ാം മിനിറ്റിലെ മെസിയുടെ മനോഹരമായ മുന്നേറ്റത്തെ പെനാൽറ്റി ബോക്സിന് തൊട്ടരികിൽ ഫൗൾ ചെയ്ത് അവസാനിപ്പിച്ചെങ്കിലും ലഭിച്ച ഫ്രീ കിക്ക് മെസി പനേങ്ക കിക്കിലൂടെ എസ്പാനിയോളിന്റെ വലകുലുക്കി. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ ബാഴ്സ ഗോളി ടെർസ്റ്റീഗൻ തുടങ്ങിയ മൂന്നേറ്റം പൊടുന്നനെ റാക്കിറ്റിച്ചിലേക്കും ആരും മാർക്ക് ചെയ്യാതെ ഒഴിഞ്ഞിരുന്ന മാൽക്കത്തിലേക്കും. മാൽക്കത്തിന്റെ മികച്ച റണ്ണും അസിസിറ്റും മെസിയുടെ സുന്ദരമായ ഫിനിഷിങ്ങും ഒത്തുചേർന്നപ്പോൾ ഭംഗിയുള്ള രണ്ടാം ഗോളും പിറന്നു.
സ്പാനിഷ് ലീഗില്‍ ബാഴ്സലോണ അജയ്യരായി മുന്നേറുകയാണ്. 29 മത്സരങ്ങളിൽ 69 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. ഇതോടെ തുടർച്ചയായി പത്താം സീസണിലും ബാഴ്സലോണക്കായി 40 ഗോൾ സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് മെസി