22 February, 2019 03:21:31 PM
ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിച്ചേക്കില്ല; സമ്മര്‍ദ്ദം ചെലുത്താന്‍ തന്ത്രപരമായ നീക്കം
ദില്ലി: ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കാതിരിക്കാന്‍ ഇന്ത്യ തയാറാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബിസിസിഐയോടും സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണ സമിതിയോടും പാക്കിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന സൂചന സര്‍ക്കാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ നീക്കം പാക്കിസ്ഥാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് സൂചന.
അതേസമയം ലോകകപ്പില്‍ പാക്കിസ്ഥാനെ മറ്റൊരു ഗ്രൂപ്പിലേക്ക് മാറ്റണമെന്ന ആവശ്യം ഇന്ത്യ ഐസിസി(രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍)യ്ക്ക് മുന്നില്‍ വെയ്ക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഇത്തരമൊരു നീക്കത്തോടെ ഐസിസിക്കും സ്‌പോണ്‍സര്‍മാര്‍ക്കും കൂടുതല്‍ സാമ്പത്തിക സമ്മര്‍ദ്ദം നേരിടേണ്ടി വരികയും ഇത് പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലേക്ക് നയിക്കാന്‍ കാരണമാകുമെന്നാണ് കരുതുന്നത്. ബിസിസിഐയും ഇടക്കാല ഭരണസമിതിയും പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ഇന്ത്യ കളിക്കുന്ന കാര്യം ഐസിസിയുടെ മുന്നില്‍ ചര്‍ച്ചയ്ക്കായി വെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൂര്‍ണമെന്റില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് ഇന്ത്യ ആവശ്യമുയര്‍ത്തിയാലും അത് ഐസിസി യോഗത്തില്‍ അംഗീകരിക്കപ്പെടില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി അപേക്ഷ സമര്‍പ്പിച്ചുവെന്ന വാര്‍ത്തകള്‍ തള്ളിയാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്.
ഐസിസി ബോര്‍ഡില്‍ നിലവില്‍ ഇന്ത്യയ്ക്ക് ഭൂരിപക്ഷ പിന്തുണയില്ലാത്തതിനാല്‍ ബിസിസിഐ ഇക്കാര്യമാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചാലും മറ്റ് അംഗങ്ങളുടെ പിന്തുണ കിട്ടാനിടയില്ല. ഐസിസി ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന അംഗ രാജ്യങ്ങള്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഐസിസി ഭരണഘടന അനുസരിച്ച് അവകാശമുണ്ടെന്നിരിക്കെ ഇന്ത്യ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചാലും പിന്തുണ കിട്ടാനിടയില്ലെന്ന് വ്യക്തമാണ്.
അതിനാല്‍ തന്നെ പരാജയപ്പെടുമെന്ന് ഉറപ്പുള്ള നീക്കത്തിന് തയാറാല്ലെന്ന് ബിസിസിഐ പ്രതിനിധി വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ ഇത്തരമൊരു നീക്കവുമായി രംഗത്തെത്തിയാല്‍ അത് 2021ലെ ചാമ്പ്യന്‍സ് ട്രോഫി, 2023ലെ ഏകദിന ലോകകപ്പ് ആതിഥേയത്വത്തിന് തിരിച്ചടിയാവുകയും ചെയ്യും.അതേസമയം, വിഷയത്തില്‍ എന്തു തരത്തിലുള്ള ഇടപെടലാണ് നടത്താനാവുകയെന്നത് ചര്‍ച്ച ചെയ്യാനായി ബിസിസിഐ ഇടക്കാല ഭരണസമിതി വെള്ളിയാഴ്ച യോഗം ചേരുമെന്ന് സിമിതി അംഗമായ ഡയാന എഡുല്‍ജി പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യങ്ങളടക്കം ഇടക്കാല ഭരണസമിതി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
ഈ മാസം 14ന് പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യത്തെ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ള താരങ്ങളും പിന്തുണച്ചിരുന്നു. മെയ് 30ന് ഇംണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ജൂണ്‍ 16ാം തിയതിയാണ് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം.