17 February, 2019 09:10:06 PM
പുല്‍വാമ ഭീകരാക്രമണം: പാക്കിസ്ഥാനി ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്തു
ഹരിയാന: പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പാക്കിസ്ഥാനി ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ നീക്കം ചെയ്തു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സെെനികരെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിന്‍റെ സൂചകമായിട്ടാണ് പാക്കിസ്ഥാന്‍ താരങ്ങളുടെ ചിത്രങ്ങള്‍ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റിയത്.
അസോസിയേഷനില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് പിസിഎ ട്രഷറര്‍ അജയ് ത്യാഗി പറഞ്ഞു. ഭീകരാക്രമണത്തിനെതിരെ രാജ്യത്ത് പൊതുവായി ഉയര്‍ന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പിസിഎയും. സ്റ്റേഡിയത്തിലെ ലോംഗ് റൂം, ഗാലറി, റിസപ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലായി സ്ഥാപിച്ചിരുന്ന പാക്കിസ്ഥാന്‍ താരങ്ങളുടെ 15 ചിത്രങ്ങളാണ് നീക്കം ചെയ്തതെന്നും ത്യാഗി പറഞ്ഞു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.