24 January, 2019 01:30:17 PM
സ്മൃതി മന്ഥാനക്ക് സെഞ്ചുറി; ന്യൂസിലണ്ടിനെ 9 വിക്കറ്റിന് തകര്‍ത്ത് വനിതകള്‍
നേപ്പിയര്‍: ഇന്ത്യന്‍ പുരുഷ ടീമിന് പുറമേ ഇന്ത്യന്‍ വനിതാ ടീമിനും ഉജ്വല വിജയം. ഇന്ന് നടന്ന ഏകദിനത്തില്‍ ന്യൂസിലണ്ടിനെ 9 വിക്കറ്റിന് തകര്‍ത്തു. 104 പന്തില്‍ നിന്ന് 105 റണ്‍സ് നേടിയ സ്മൃതി മന്ഥാനയാണ് ടോപ്പ് സ്കോറര്‍. സ്മൃതിയുടെ കരിയറിലെ 4ാം സെഞ്ചുറിയാണിത്. 81 റണ്‍സുമായി ജെമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു.
48.4 ഓവറിലാണ് ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 192 ല്‍ അവസാനിക്കുകയായിരുന്നു. ഏക്ത ബിഷ്ടും പൂനം യാദവും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.
സൂസി ബെയ്റ്റ്സ് 36 റണ്‍സ് നേടി ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ആമി സാത്തര്‍വൈറ്റ്(31), അമേലിയ കെര്‍(28), സോഫി ഡിവൈന്‍(28) എന്നിവരും നിലയുറപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും കാലിടറുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ഥാന-ജെമീമ റോഡ്രിഗസ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ മികച്ച തുടക്കമാണ് നല്‍കിയത്. 190 റണ്‍സ് കൂട്ടുകെട്ട് നേടിയ സഖ്യം വിജയത്തിനു മൂന്ന് റണ്‍സ് അകലെയാണ് തകര്‍ന്നത്.