18 January, 2019 08:25:12 PM
പ്രിവന്‍റീവ് ഓഫീസറുടെ ടീമിനു മുന്നില്‍ അടിയറവ് പറഞ്ഞ് എക്സൈസ് കമ്മീഷണറുടെ പട
കോട്ടയം: പ്രിവന്‍റീവ് ഓഫീസറുടെ ടീമിനു മുന്നില്‍ അടിയറവ് പറഞ്ഞ് എക്സൈസ് കമ്മീഷണറും ടീമും. സംസ്ഥാന എക്സൈസ് കലാ-കായികമേളയുടെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തിലാണ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗ് നയിച്ച ടീം പ്രിവന്‍റീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ടിമിനോട് പരാജയം ഏറ്റുവാങ്ങിയത്. മാന്നാനം സെന്‍റ് എഫ്രേംസ് സ്കൂള്‍ മൈതാനിയില്‍ നടന്ന ആദ്യ സെമിഫൈനല്‍ മത്സരത്തിലാണ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നയിച്ച വയനാട് ജില്ലാ ടീം പ്രിവന്‍റീവ് ഓഫീസര്‍ സതീഷ് പി.കെ ക്യാപ്റ്റനായ ആലപ്പുഴയോട് ഏറ്റുമുട്ടിയത്. പത്ത് ഓവറില്‍ നടന്ന കളിയില്‍ ആലപ്പുഴ 70നെതിരെ 80 റണ്‍സിന് വിജയിച്ചു.
ടീം തോറ്റെങ്കിലും 57ആം വയസില്‍ ക്രിക്കറ്റ് ബാറ്റുമായി കളത്തിലിറങ്ങിയ ഋഷിരാജ് സിംഗ് ഒരു താരമായി തന്നെയാണ് പുറത്തിറങ്ങിയത്. 2017 നവംബറില്‍ പാലക്കാട് നടന്ന എക്സൈസ് കായികമേളയിലും തിരുവനന്തപുരം ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായി കളം നിറഞ്ഞ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗ് താരമായിരുന്നു. 57-ാം വയസിലും ബാറ്റിംഗും ബോളിംഗും തനിക്ക് വഴങ്ങുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഋഷിരാജ്സിംഗ് മാന്നാനത്തി നടന്ന മത്സരത്തിലൂടെ.
തിരുവനന്തപുരവും തൃശൂരും തമ്മില്‍ നടന്ന രണ്ടാം സെമിയില്‍ 31 റണ്‍സിന് തിരുവനന്തപുരം ജയിച്ചു. തിരുവനന്തപുരവും ആലപ്പുഴയും തമ്മിലായിരുന്നു ഫൈനല്‍. സിവില്‍ എക്സൈസ് ഓഫീസര്‍ ശങ്കര്‍ നയിച്ച തിരുവനന്തപുരം ടീം 69നെതിരെ 77 റണ്‍സിന് വിജയം കണ്ടു. സെമിഫൈനലില്‍ 41 റണ്‍സും ഫൈനല്‍ മത്സരത്തില്‍ 19 റണ്‍സും രണ്ട് സ്റ്റംമ്പിംഗും എടുത്ത തിരുവനന്തപുരം ടീമിലെ ബ്ലസണ്‍ ആണ് ബസ്റ്റ് പ്ലയര്‍.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 110 ഇനങ്ങളില്‍ കായികമത്സരങ്ങളും നൂറോളം കലാമത്സരങ്ങളും നാല് സ്ഥലങ്ങളിലായാണ് നടക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 1200 പേര്‍ 20 വരെ നടക്കുന്ന മേളയില്‍ പങ്കെടുക്കുന്നു. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ എട്ടരയ്ക്ക് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാവും. 20ന് നടക്കുന്ന സമാപനസമ്മേളനം കെ.സുരേഷ്കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.