13 March, 2016 01:50:00 AM


ട്വൻറി 20 ക്രിക്കറ്റ് ; പാകിസ്താൻ ടീം കൊൽക്കത്തയിലെത്തി


കൊൽക്കത്ത: ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കുന്നതിനായി പാകിസ്താൻ ടീം കൊൽക്കത്തയിലെത്തി. കനത്ത സുരക്ഷയിലാണ് ടീം നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യ സുരക്ഷ ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് അയക്കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു.

ഐ.സി.സി, ബി.സി.സി.ഐ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരുമായി ബന്ധപ്പെട്ടതിനു ശേഷമാണ് പാകിസ്താൻ തീരുമാനമെടുത്തത്. സുരക്ഷയില്ലെങ്കില്‍ ടീമിനെ അയക്കില്ലെന്ന പാകിസ്താന്‍ നിലപാടിന്‍െറ പശ്ചാത്തലത്തില്‍ ടീമിന് പൂര്‍ണ സുരക്ഷ നല്‍കാമെന്ന് ഇന്ത്യ, പാകിസ്താന്‍ ഹൈകമീഷണര്‍ അബ്ദുല്‍ ബാസിതിനെ അറിയിച്ചിരുന്നു.  പാക് ടീം പിന്മാറിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഐ.സി.സി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.


പാക് ക്യാപ്റ്റൻ ശാഹിദ് അഫ്രീദി കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തേക്ക് വരുന്നു 

ഷെഡ്യൂള്‍ പ്രകാരം ചൊവ്വാഴ്ചയായിരുന്നു പാക് ടീം ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. ശനിയാഴ്ച ബംഗാളിനെതിരെയാണ് ആദ്യ സന്നാഹ മത്സരം നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് 19ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് ആക്രമണ ഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്നും ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് മത്സരം ധര്‍മശാലയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റാന്‍ ഐ.സി.സി തീരുമാനിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K