02 January, 2019 01:07:46 AM
പഞ്ചാബിനെതിരായ രഞ്‌ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനു തോല്‍വി
ചണ്ഡീഗഡ്: പഞ്ചാബിനെതിരായ രഞ്‌ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനു തോല്‍വി. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് പത്തു വിക്കറ്റിനാണു ജയിച്ചത്. സ്‌കോര്‍: കേരളം ഒന്നാം ഇന്നിങ്‌സ് 121, രണ്ടാം ഇന്നിങ്‌സ് 223. പഞ്ചാബ് ഒന്നാം ഇന്നിങ്‌സ് 217, രണ്ടാം ഇന്നിങ്‌സ് വിക്കറ്റ് പോകാതെ 131. 73 പന്തില്‍ 11 ഫോറുകളടക്കം 69 റണ്ണെടുത്ത ശുഭം ഗില്ലും 95 പന്തില്‍ 45 റണ്ണെടുത്ത ജീവന്‍ജ്യോത് സിങ്ങുമാണു കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ജയത്തോടെ പഞ്ചാബിന്റെ അക്കൗണ്ടില്‍ ഏഴു പോയിന്റെത്തി. തോല്‍വി കേരളത്തിന്റെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ക്കു കനത്ത തിരിച്ചടിയാണ്.
ഇനി ഹിമാചല്‍ പ്രദേശിനെതിരെ ഒരു മത്സരം കൂടി കേരളത്തിന് ബാക്കിയുണ്ട്. ഈ മത്സരം ജയിച്ചാലും മറ്റു ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിച്ചായിരിക്കും കേരളത്തിന്റെ നോക്കൗട്ട് സാധ്യത. കേരളത്തിനും പഞ്ചാബിനും ഏഴു കളികളില്‍നിന്ന് 20 പോയിന്റ് വീതമാണ്. റണ്‍ ശരാശരിയില്‍ മുന്നിലുള്ള കേരളം മൂന്നാം സ്‌ഥാനത്താണ്. ഏഴു കളികളില്‍നിന്ന് 24 പോയിന്റ് നേടിയ മധ്യപ്രദേശാണ് ഒന്നാമത്. 22 പോയിന്റുള്ള ഹിമാചല്‍ പ്രദേശാണു രണ്ടാമത്. കേരളം ഇതുവരെ മൂന്നു ജയവും മൂത്തു തോല്‍വിയും ഒരു സമനിലയും നേടി. പഞ്ചാബിന്റെ സീസണിലെ രണ്ടാം ജയമാണിത്. നാലു സമനിലകള്‍ സ്വന്തമാക്കിയ അവര്‍ ഒരു മത്സരത്തില്‍ മാത്രമാണു തോറ്റത്.
രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയടിച്ച മുഹമ്മദ് അസ്‌ഹറുദ്ദീനാണ് കേരളത്തെ തകര്‍ച്ചയില്‍നിന്നു കര കയറ്റിയത്. 168 പന്തില്‍ രണ്ടു സിക്‌സറും 12 ഫോറുകളുമടക്കം 112 റണ്ണുമായാണ് അസര്‍ മടങ്ങിയത്. മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 127 റണ്ണെന്ന നിലയിലാണു കേരളം രാവിലെ ബാറ്റിങ് തുടര്‍ന്നത്. തലേദിവസത്തെ സ്‌കോറില്‍ തന്നെ നായകന്‍ സച്ചിന്‍ ബേബി (16) പുറത്തായി. മന്‍പ്രീത് ഗോണി സച്ചിനെ ബൗള്‍ഡാക്കി. വിഷ്‌ണു വിനോദും അസറും ചേര്‍ന്ന് സ്‌കോര്‍ 190 റണ്‍ വരെയെത്തിച്ചു. അതിനിടെയാണു യുവ താരം കന്നി ഫസ്‌റ്റ് ക്ലാസ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ബാല്‍തേജ് സിങിനെ അടിച്ചു പറത്താനുള്ള ശ്രമത്തില്‍ അസറിനെ അന്‍മോല്‍പ്രീത് പിടികൂടിയതോടെ കേരളത്തിന്റെ തകര്‍ച്ച തുടങ്ങി. പിന്നാലെയെത്തിയ കേരളത്തിന്റെ വിശ്വസ്‌തന്‍ ബാറ്റ്‌സ്മാന്‍ ജലജ് സക്‌സേനയ്‌ക്ക് മൂന്നു റണ്ണെടുക്കാനെ സാധിച്ചുള്ളൂ. വിഷ്‌ണുവിനു പിന്നാലെ സിജോമോന്‍ ജോസഫ് (ഏഴ്), ബേസില്‍ തമ്പി (0), എം.ഡി. നിധീഷ് (11) എന്നിവര്‍ പുറത്തായതോടെ കേരളം തോല്‍വി ഉറപ്പാക്കി. നാല് വിക്കറ്റെടുത്ത മായങ്ക് മര്‍കാണ്ടേയും രണ്ട് വീതം വിക്കറ്റ് വീതം വീഴ്‌ത്തിയ സിദ്ധാര്‍ത്ഥ് കൗള്‍, മന്‍പ്രീത് സിങ്ങ് ഗോണിയും ബാല്‍തേജ് സിങ്ങും ബൗളിങ്ങില്‍ തിളങ്ങി. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റെടുക്കാന്‍ സിദ്ധാര്‍ത്ഥ് കൗളിനായി.
പഞ്ചാബിന്റെ വിജയ ലക്ഷ്യം 128 റണ്ണായിരുന്നു. കേരളത്തിന്റെ അഞ്ച് ബൗളര്‍മാരും എറിഞ്ഞിട്ടും ഓപ്പണിങ് ജോഡിയെ പിരിക്കാനായില്ല. സിദ്ധാര്‍ത്ഥ് കൗളാണു മത്സരത്തിലെ താരം. ഒന്നാം ഇന്നിങ്‌സില്‍ തങ്ങളെ 121 റണ്ണിന് ഓള്‍ഔട്ടാക്കിയ പഞ്ചാബിനെ കേരളം 217 റണ്ണിന് ഒതുക്കിയിരുന്നു. 83 റണ്‍ വഴങ്ങി അഞ്ചു വിക്കറ്റെടുത്ത പേസര്‍ സന്ദീപ് വാര്യരാണ് പഞ്ചാബിനെ തകര്‍ത്തത്. എലൈറ്റ് ബി ഗ്രൂപ്പ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കേരളത്തെ 55 റണ്‍ വഴങ്ങി ആറു വിക്കറ്റെടുത്ത സിദ്ധാര്‍ഥ് കൗളാണു തകര്‍ത്തത്. ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മധ്യപ്രദേശ് ഹിമാചല്‍ പ്രദേശിനെ 140 റണ്ണിനു തോല്‍പ്പിച്ചു. സ്‌കോര്‍: മധ്യപ്രദേശ് ഒന്നാം ഇന്നിങ്‌സ് 265, രണ്ടാം ഇന്നിങ്‌സ് 193, ഹിമാചല്‍ പ്രദേശ് ഒന്നാം ഇന്നിങ്‌സ് 127, രണ്ടാം ഇന്നിങ്‌സ് 191.
332 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹിമാചലിനു ലക്ഷ്യം പിഴച്ചു. 58 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത കാര്‍ത്തികേയയാണു ഹിമാചലിനെ തകര്‍ത്തത്. എലൈറ്റ് എ ഗ്രൂപ്പ് മത്സരത്തില്‍ നിലവിലെ ചാമ്പ്യനായ വിദര്‍ഭ മുംബൈയെ ഇന്നിങ്‌സിനും 145 റണ്ണിനും തോല്‍പ്പിച്ചു. സ്‌കോര്‍: വിദര്‍ഭ -ഒന്നാം ഇന്നിങ്‌സ് 511, മുംബൈ ഒന്നാം ഇന്നിങ്‌സ് 252, ഫോളോ ഓണ്‍ 114. ആറു വിക്കറ്റെടുത്ത പേസര്‍ ആദിത്യ സാര്‍വതെയാണ് മുന്‍ ചാമ്പ്യനായ മുംബൈയെ തകര്‍ത്തത്. വഖാരെയും കാര്‍നേവാറും രണ്ട് വിക്കറ്റ് വീതമെടുത്തു. വഖാരെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റെടുത്തിരുന്നു. ആദിത്യ സാര്‍വതെ മൂന്നു വിക്കറ്റും കാര്‍നേവാര്‍ രണ്ട് വിക്കറ്റുമെടുത്തു. വിദര്‍ഭയ്‌ക്കു വേണ്ടി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ (178) സെഞ്ചുറിയടിച്ചിരുന്നു.
145-ാം രഞ്‌ജി മത്സരം കളിച്ച ജാഫര്‍ 56-ാം ഫസ്‌റ്റ് ക്ലാസ് സെഞ്ചുറിയുമായി ചരിത്രം കുറിച്ചു. ഗണേഷ് സതിഷ് (90), അതാവരെ ടെയ്‌ഡ് (95), മറാതെ കാലെ (68) എന്നിവരുടെ അര്‍ധ സെഞ്ചുറികളും വിദര്‍ഭ്‌ക്കു കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സഹായകമായി. ഏഴു കളികളില്‍നിന്നു 11 പോയിന്റ് മാത്രം നേടിയ മുംബൈ നോക്കൗട്ടില്‍ കടക്കില്ലെന്ന് ഉറപ്പായി. അവര്‍ക്ക് ഇതുവരെ ജയിക്കാനായില്ല. അഞ്ച് സമനിലകള്‍ നേടിയ അവര്‍ രണ്ട് കളികള്‍ തോറ്റു. അത്രയും കളികളില്‍ 28 പോയിന്റ് നേടിയ വിദര്‍ഭയാണ് ഒന്നാമത്. അവര്‍ ഇതുവരെ തോറ്റില്ല. മൂന്നു ജയങ്ങള്‍ കുറിച്ച വിദര്‍ഭ നാലു സമനിലകളും നേടി. 43 തവണ രഞ്‌ജിയില്‍ ജേതാക്കളായ മുംബൈ ഇന്നലെ അവരുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ഇന്നിങ്‌സ് തോല്‍വിയാണു നേരിട്ടത്.