27 December, 2015 12:52:35 AM
ബോക്‌സിംഗ് ഡേ ടെസ്‌റ്റിലൂടെ ഓസ്‌ട്രേലിയയ്ക്ക് പുതിയ റെക്കോഡ്
ദില്ലി : രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ 1000 സെഞ്ചുറികള്‍ തികയ്‌ക്കുന്ന ആദ്യ ടീം ആയി ഓസ്‌ട്രേലിയ. ബോക്‌സിംഗ് ഡേ ടെസ്‌റ്റില്‍ വെസ്‌റ്റിന്‍ഡീസിനെതിരെ ഉസ്‌മാന്‍ ഖവാജയും ജോ ബേണ്‍സും സെഞ്ചുറി നേടിയതോടെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് പുതിയ റെക്കോഡ് കൂടി സ്വന്തമാകുന്നത്.
ബോക്‌സിംഗ് ഡേ ടെസ്‌റ്റിലെ ആദ്യ ദിനം അമ്പത്തിയെട്ടാമത്തെ ഓവറില്‍ ബേണ്‍സിന്റെ സെഞ്ചുറിയും തൊട്ട് പിന്നാലെ ഖവാജയുടെ സെഞ്ചുറിയുമാണ് ഓസ്‌ട്രേലിയയ്‌ക്ക് പുത്തന്‍ റെക്കോര്‍ഡ് സമ്മാനിച്ചത്. ബോക്‌സിംഗ് ഡേ ടെസ്‌റ്റില്‍ ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 345 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. ബേണ്‍സ് (128), വാര്‍ണര്‍ (23), ഖവാജ (144) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്‌ടമായത്. 32 റണ്‍സോടെ സ്‌മിത്തും 10 റണ്‍സോടെ വോഗ്‌സുമാണ് ക്രീസിലുള്ളത്.
1877മുതല്‍ 2015 വരെയുള്ള 489 താരങ്ങളാണ് ഈ അപൂര്‍വ റെക്കോര്‍ഡിന് ഓസീസിനെ അര്‍ഹരാക്കിയത്. 1725 മത്സരങ്ങളും 21460 ഇന്നിംഗ്‌സുകളില്‍ നിന്നുമമാണ് 1000 സെഞ്ചുറികള്‍ പിറന്നത്. പിന്നാലെയുള്ള ഇംഗ്ലണ്ടിന് 715 സെഞ്ചുറിയാണുള്ളത്.