20 September, 2017 04:08:00 PM
എം എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു
ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ പത്ഭൂഷണ്‍ പുരസ്‌കാരത്തിനായി ബിസിസിഐ ശുപാര്‍ശ ചെയ്തു. പത്മ പുരസ്‌കാരങ്ങള്‍ക്കായി ധോണിയുടെ പേര് മാത്രമേ ബിസിസിഐ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏകകണ്ഠമായാണ് ധോണിയുടെ പേര് ശുപാര്‍ശ ചെയ്തിട്ടുള്ളതെന്ന് മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷണ്‍.
ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തതെന്ന് ബിസിസിഐ അധികൃതര്‍ സൂചിപ്പിച്ചു. ഇന്ത്യയ്ക്ക് രണ്ട് ലോക കിരീടങ്ങള്‍ നേടിക്കൊടുത്ത നായകനാണ് ധോണി. 2007 ലെ ട്വന്റി-20 ലോകകപ്പും, 2011 ലെ ഏകദിന ലോകകപ്പുമാമ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കു വേണ്ടി 302 ഏകദിനങ്ങളില്‍ നിന്ന് 9737 റണ്‍സും, 90 ടെസ്റ്റുകളില്‍ നിന്ന് 4876 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 78 ടി-20 യില്‍ നിന്നായി 1212 റണ്‍സും കരസ്ഥമാക്കിയിട്ടുണ്ട്.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന, പത്മശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ 36 കാരനായ ധോണി നേടിയിട്ടുണ്ട്. പത്മഭൂഷണ്‍ നേടിയാല്‍ ഈ നേട്ടം കൈവരിക്കുന്ന 11 ആമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി ധോണി മാറും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, ചന്ദു ബോര്‍ഡെ, പ്രഫ. ഡി.ബി. ഡിയോദാര്‍, കേണല്‍ സി.കെ. നായിഡു, ലാലാ അമര്‍നാഥ് തുടങ്ങിയവരാണ് നേരത്തെ പത്മഭൂഷണ്‍ സ്വന്തമാക്കിയ മറ്റ് പ്രമുഖ താരങ്ങള്‍.