19 September, 2017 11:11:38 PM
ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചിത്രയ്ക്ക് സ്വർണം

അഷ്ഗാബാദ്: തുര്‍ക്മെനിസ്ഥാനിലെ അഷ്ഗാബാദില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വർണം. വനിതകളുടെ 1500 മീറ്ററിലാണ് ചിത്ര സ്വർണം സ്വന്തമാക്കിയത്. 4.27 മിനിറ്റിൽ ഓട്ടം പൂർത്തിയാക്കിയാണ് ചിത്ര ഒന്നാമതെത്തിയത്.
ലോക അത്ലറ്റിക്സ് മീറ്റിൽ പങ്കെടുക്കാതിരുന്ന ശേഷമുള്ള ആദ്യ അന്തരാഷ്ട്ര മീറ്റിലാണ് ചിത്ര സ്വർണം നേടിയത്. ഒ.പി. ജെയ്ഷ, സിനിമോൾ പൗലോസ് എന്നിവർക്കു ശേഷം സ്വർണം നേടുന്ന മൂന്നാമത്തെ താരമാണ് ചിത്ര. കേരളത്തിനും പിന്തുണച്ചവർക്കും നേട്ടം സമർപ്പിക്കുന്നുവെന്ന് ചിത്ര പ്രതികരിച്ചു.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള യോഗ്യതയുണ്ടായിരുന്നിട്ടും ചിത്രയെ തഴഞ്ഞിരുന്നു. കോടതി ഇടപെട്ടെങ്കിലും ചിത്രയ്ക്കു പങ്കെടുക്കാനായില്ല.




