15 September, 2017 01:30:57 PM


നെഹ്‌റു ട്രോഫി: വള്ളങ്ങള്‍, ക്യാപ്റ്റന്‍മാര്‍, ടീമുകള്‍ എന്നിവര്‍ക്ക് 5 വര്‍ഷം വരെ വിലക്ക്




ആലപ്പുഴ: ഫൈനല്‍ മത്സരം വൈകിയതിന്‍റെ പേരില്‍ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ പങ്കെടുത്ത വള്ളങ്ങളേയും ടീമുകളേയും ക്യാപ്റ്റന്‍മാരേയും അയോഗ്യരാക്കി. നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടേതാണ് തീരുമാനം. യുബിസി കൈനകരി, കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ്, ന്യൂ ബോട്ട് എന്നിവയ്‌ക്കെതിരെയാണ് നടപടി. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് വിലക്ക്.

ന്യൂ ബോട്ട് ക്ലബ് തുഴഞ്ഞ ദേവസ് വള്ളത്തിന്‍റെ ക്യാപ്റ്റനേയും ലീഡിങ് ക്യാപ്റ്റനേയും അഞ്ചു വര്‍ഷത്തേക്ക് മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കി. യുബിസി കൈനകരി, കുമരകം ടൗണ്‍ ബോട്ട് ക്ലബ് എന്നിവയുടെ ക്യാപ്റ്റന്മാര്‍ക്കും വിലക്കേര്‍പ്പെടുത്തി. മൂന്ന് വർഷത്തേക്കാണ് ഇവർക്ക് വിലക്ക്. കാരിച്ചാലിന് ഒരു വര്‍ഷത്തേക്കാണ് വിലക്ക്. 

സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും ടൈമറിലും തകരാര്‍ വന്നതില്‍ ദുരൂഹത ഉണ്ടെന്ന് ആരോപണമുയർന്നത് കമ്മിറ്റി ശരിവച്ചു. തകരാറിനെ തുടര്‍ന്ന് പത്ത് ലക്ഷം രൂപയുടെ കരാര്‍ എടുത്ത കരാറുകാരന് പണം നല്‍കേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട പ്രശ്‌നങ്ങള്‍ക്കു ശേഷമായിരുന്നു ഇക്കഴിഞ്ഞ നെഹ്‌റു ട്രോഫി ഫൈനല്‍ മത്സരം നടന്നത്. നെഹ്‌റു ട്രോഫിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് വള്ളങ്ങളും താരങ്ങളും ഇത്രയും വലിയ അച്ചടക്ക നടപടി നേരിടുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K