13 September, 2017 09:03:56 AM
ചാമ്പ്യന്‍സ് ലീഗില്‍ യുവന്റ്സിനെതിരെ ബാഴ്സിലോണക്ക് മികച്ച വിജയത്തുടക്കം;
ലണ്ടന്‍ : യുവന്റസിനെതിരായ മികച്ച വിജയത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് വിജയത്തുടക്കം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ യുവന്റസിനെ തകര്‍ത്തത്. ഇരട്ടഗോള്‍ നേടിയ മെസ്സിയുടെ മികവിലാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സ, ഇറ്റാലിയന്‍ ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. ഇവാന്‍ റാട്ടികിച്ചാണ് ബാഴ്‌സയുടെ മൂന്നാം ഗോള്‍ നേടിയത്.
ന്യൂകാമ്പില്‍ നടന്ന മല്‍സരത്തില്‍ 45 ആം മിനുട്ടിലാണ് മെസ്സി ബാഴ്‌സയ്ക്കുവേണ്ടി ആദ്യ ഗോള്‍ നേടിയത്. 56 ആം മിനുട്ടില്‍ റാട്ടിക്കിച്ച് ബാഴ്‌സയുടെ ലീഡ് രണ്ടായി ഉയര്‍ത്തി. 69 ആം മിനുട്ടില്‍ മെസ്സിയുടെ ഇടംകാലന്‍ ഷോട്ട് ഗോളി ജിയാന്‍ലൂജി ബഫണിനെ നിഷ്പ്രഭനാക്കി യുവന്റസ് വലയിലെത്തി. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറില്‍ യുവന്റസിനോട് തോറ്റ് പുറത്തായതിന്റെ മധുരപ്രതികാരം കൂടിയായിരുന്നു ബാഴ്‌സയുടെ വിജയം.
മറ്റു മല്‍സരങ്ങളില്‍ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജെര്‍മ്മന്‍ എതിരാളികളായ സെല്‍റ്റിക്കിനെ ഗോള്‍മഴയില്‍ മുക്കി. ഏതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് പിഎസ്ജിയുടെ വിജയം. 19 ആം മിനുട്ടില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മറുടെ ഗോളോടെയാണ് പിഎസ്ജി ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. എഡിസണ്‍ കവാനി രണ്ടു ഗോള്‍ നേടിയപ്പോള്‍, കൈയ്‌ലിന്‍ എംബാപ്പെ, ലസ്റ്റിംഗ് എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍.
ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചാമ്പ്യന്‍സ് ലീഗിലേക്കുള്ള തിരിച്ചുവരവ് വിജയത്തോടെ ഗംഭീരമാക്കി. ചെല്‍സി എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ക്വാറബാഗിനെയും, മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് എഫ് സി ബാസലിനെയും തോല്‍പ്പിച്ചു.
മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് മൂന്ന് ഗോളിന് ആന്‍ഡര്‍ലെക്ടിനെയും, സ്‌പോര്‍ട്ടിംഗ് രണ്ടിനെതിരെ മൂന്ന് ഗോളിന് ഒളിമ്പിയാക്കോസിനെയും, സിഎസ്‌കെ മോസ്‌കോ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബെന്‍ഫിക്കയെയും തോല്‍പ്പിച്ചു. അതേസമയം എഎസ് റോമ- അത്‌ലറ്റികോ മാഡ്രിഡ് മല്‍സരം സമനിലയില്‍ കലാശിച്ചു