07 September, 2017 08:16:09 AM
നാണക്കേടിൽ മുങ്ങി ലങ്കൻ ടീം; ടിട്വന്റിയും ഇന്ത്യയ്ക്ക്
കൊളംബോ: ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നേടിയതിനുപുറമെ ട്വന്റി20 മത്സരവും ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ലങ്ക ഭേദപ്പെട്ട സ്‌കോര്‍ നേടിയിട്ടും ഇന്ത്യ അത് നിഷ്പ്രയാസം മറികടന്നു. ശ്രീലങ്ക നിശ്ചിത ഓവറില്‍ 170 റണ്‍സാണ് സ്വന്തമാക്കിയത്. എന്നാല്‍ ഇന്ത്യ അവസാന ഓവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ റണ്‍മല കീഴടക്കി.
82 റണ്‍സെടുത്ത് ക്യാപ്റ്റന്‍ വിരാട് കോലി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ 51 റണ്‍സെടുത്ത മനീഷ് പാണ്ഡെ ക്യാപ്റ്റന് പിന്തുണയേകി. 54 പന്തില്‍നിന്നായിരുന്നു കോലിയുടെ വെടിക്കെട്ട് പ്രകടനം. ഒരു സിക്‌സും ആറ് ഫോറുമടങ്ങിയതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ആദ്യം ബാറ്റ് ചെയ്ത ലങ്ക മുനവീരയുടേയും പ്രിയഞ്ജന്റെയും മികവിലാണ് 170 റണ്‍സ് അടിച്ചെടുത്തത്. ദില്‍ഷന്‍ മുനവീര 29 പന്തില്‍നിന്ന് 53 റണ്‍സും അഷാന്‍ പ്രിയഞ്ജന്‍ 40 റണ്‍സുമെടുത്തു.
ശ്രീലങ്കയില്‍ ഇത്രയും കളികള്‍ തുടരെ ജയിക്കുന്ന ഏക ടീം ഇന്ത്യയാണ്. ചില കളികളില്‍ നിരാശപൂണ്ട ശ്രീലങ്കന്‍ ആരാധകര്‍ കളി തടസപ്പെടുത്തുകപോലുമുണ്ടായി. എന്നാല്‍ ഒരു കളിപോലും ജയിച്ച് തിരിച്ചുവരാന്‍ ലങ്കയ്ക്കായില്ല. ഇതോടെ വലിയ വെല്ലുവിളികള്‍ വരും ദിവസങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് നേരിടേണ്ടിവന്നേക്കാം