01 September, 2017 08:41:05 PM
മദ്യപിച്ചു വാഹനമോടിച്ച ഫുട്ബോൾ താരം വെയ്ൻ റൂണി അറസ്റ്റിൽ
ലണ്ടൻ: മദ്യപിച്ചു വാഹനമോടിച്ച ഫുട്ബോൾ താരം വെയ്ൻ റൂണി അറസ്റ്റിൽ. ചെഷയർ പോലീസാണ് മുൻ ഇംഗ്ലീഷ് ടീം നായകൻ റൂണിയെ അറസ്റ്റ് ചെയ്തത്. വിംസ്ലോയിലെ ആൾട്രിച്ചാം റോഡിൽ റൂണി ഓടിച്ചിരുന്ന ഫോക്സ്വാഗണ് ബീറ്റിൽ കാർ തടഞ്ഞുനിർത്തി താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. റൂണിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി ചെഷയർ പേലീസ് അറിയിച്ചു.
അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലെത്തിച്ച റൂണിയെ ഈ മാസം ഒടുവിൽ കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തിൽ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ മാസമാണ് റൂണി ഇംഗ്ലണ്ട് ദേശീയ ടീമിൽനിന്നു വിരമിച്ചത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററാണ് റൂണി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 13 വർഷമായി കളിച്ചിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഉപേക്ഷിച്ച് റൂണി, തന്റെ ആദ്യകാല ക്ലബ്ബുകളിലൊന്നായ എവർട്ടണിലേക്ക് അടുത്തിടെ ചേക്കേറിയിരുന്നു.