25 August, 2017 10:56:09 PM
അത്ലറ്റിക് ഫെഡറേഷൻ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പി.യു. ചിത്ര
കൊച്ചി: ലണ്ടനിൽ നടന്ന ലോക അത്ലറ്റിക് മീറ്റിൽ മത്സരിക്കാനുള്ള അവസരം നിഷേധിച്ചതിനെ തുടർന്ന് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പി.യു. ചിത്ര ഹൈക്കോടതിയെ സമീപിച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ചിത്രയ്ക്ക് ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനാകുമായിരുന്നു. എന്നാൽ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ അതിനു തയാറായില്ല.
ലോക അത്ലറ്റിക് മീറ്റിൽ 1500 മീറ്റർ ഓട്ടത്തിൽ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം നൽകിയിട്ടും വിധി നടപ്പാക്കുന്നതിന് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ തയാറായില്ല. ഇതു സംബന്ധിച്ച സമയം അവസാനിച്ച സാഹചര്യത്തിൽ ചിത്രയ്ക്ക് മീറ്റിൽ പങ്കെടുക്കാനും കഴിഞ്ഞില്ല. ഇതേതുടർന്നാണ് ചിത്ര നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ അത്ലറ്റുകൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ മാർഗരേഖ ഉണ്ടാക്കണമെന്നും ഇതു സംബന്ധിച്ച് വെബ്സെറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഹർജിയിൽ ചിത്ര ആവശ്യപ്പെട്ടിട്ടുണ്ട്.