20 December, 2015 08:43:49 AM
ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് വേദിയായേക്കും
തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് വേദിയായേക്കും. കോഴിക്കോട് മേള നടത്താന്‍ ധാരണയായതായി കാണിച്ച് ചീഫ് സെക്രട്ടറി ജിജി തോംസന്‍ ദേശീയ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന് കത്ത് അയച്ചു.
ആദ്യം കേരളത്തിന് മേള നടത്താന്‍ കുറി വീണെങ്കിലും പരീക്ഷകള്‍ നടക്കുന്ന സമയമാകുകയാല്‍ സര്‍ക്കാര്‍ ഒഴിവായതാണ്. മാത്രമല്ല, തിരഞ്ഞെടുപ്പ് അടുക്കുന്നതും മേള നടത്താതിരിക്കാന്‍ കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ കായികരംഗത്തുള്ളവരും അല്ലാത്തവരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മന്ത്രിസഭാ യോഗം വീണ്ടും വിഷയം പരിഗണിക്കുകയായിരുന്നു. വീണ്ടും മേള നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കായികമേളയുടെ നടത്തിപ്പില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍മാറിയതോടെയാണ് കേരളത്തിന് നറുക്ക് വീണത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ കായികമേളകള്‍ നടത്താനുള്ള മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിവാദമായതോടെ കായിക മന്ത്രാലയം രംഗത്തെത്തി. അങ്ങനെ അവര്‍ പിന്മാറുകയും അവസരം കേരളത്തിന് ലഭിക്കുകയും ചെയ്തു.