12 August, 2017 07:10:03 PM
ബോൾട്ടിന്റെ സ്വർണത്തിനായി മിഴിചിമ്മാതെ ലോകം; റിലേയിൽ ജമൈക്ക ഫൈനലിൽ
ലണ്ടൻ: കരിയറിലെ അവസാന മത്സരമായ ലോക അത്ലറ്റിക് മീറ്റിലെ 4x100 മീറ്റർ റിലേയിൽ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോൾട്ട് ട്രാക്കിനോട് വിടപറയുന്നത് സ്വര്‍ണവുമായോ? രണ്ടാം ഹീറ്റ്സിലോടിയ സ്വന്തം ടീമായ ജമൈക്കയെ ഒന്നാം സ്ഥാനക്കാരായി ഫൈനലിനു യോഗ്യരാക്കിയിരിക്കുകയാണ് ബോള്‍ട്ട്. ഞായറാഴ്ച പലർച്ചെ ഇന്ത്യൻ സമയം 2:20 നാണ് ഫൈനൽ. ഹീറ്റ്സിൽ അവസാന ലാപ്പിലാണ് ബോൾട്ട് ഓടിയത്.
ബോൾട്ടിന് ബാറ്റൺ ലഭിക്കുമ്പോൾ ജമൈക്ക കൂടെയോടിയ ഫ്രാൻസിനും ചൈനയ്ക്കും പിന്നിൽ മൂന്നാമത്. എന്നാൽ ബാറ്റൺ ലഭിച്ചതോടെ കാലിൽ തീപിടിച്ചതുപോലെ ബോൾട്ട് ശരവേഗം പ്രാപിച്ചു. ഫിനീഷിംഗ് ലൈനിലെത്തുമ്പോൾ എതിരാളികളെ പിന്നിലാക്കി ബോൾട്ടും ജമൈക്കയും ഒന്നാമത്. രണ്ടു ഹീറ്റ്സിലുമായി മൂന്നാമത്തെ മികച്ച സമയം കുറിച്ചാണ് ജമൈക്കയുടെ ഫൈനൽ പ്രവേശം. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ 12–ാം സ്വർണം ലക്ഷ്യമിട്ടാണ് ബോൾട്ട് ഫൈനലിലിറങ്ങുന്നത്.