12 August, 2017 07:50:02 AM
നെഹ്റുട്രോഫി ജലമേള ഇന്ന്: വള്ളംകളി പ്രേമികള്‍ പുന്നമടക്കായലിലേക്ക്
ആലപ്പുഴ: നെഹ്റുട്രോഫി ജലമേള തുടങ്ങാൻ മണിക്കൂറുകൾമാത്രം അവശേഷിക്കെ വള്ളംകളി പ്രേമികളുടെ എല്ലാ കണ്ണുകളും ഇന്ന് പുന്നമടക്കായലിലേക്ക്. ജലരാജാക്കൻമാരുടെ മത്സരപ്പോര് കാണാൻ പുന്നമടക്കായലിന്റെ ഇരുകരകളിലേക്കും രാവിലെ മുതൽ തന്നെ വള്ളംകളി പ്രേമികൾ എത്തിത്തുടങ്ങി. രാവിലെ 11നു ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്യും.
നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതല്‍ വള്ളങ്ങൾ പോരിനിറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട് ഇക്കുറി. ചെറുതും വലുതുമായി 78 വള്ളങ്ങളാണ് ഇത്തവണ നെഹ്റുട്രോഫിയിൽ പങ്കെടുക്കുന്നത്. ജലരാജാവ് എന്ന പേരിൽ അറിയപ്പെടുന്ന ചുണ്ടനുകൾ 24 എണ്ണമാണ് ഇത്തവണ പങ്കെടുക്കുന്നത്. എട്ടോളം സംസ്ഥാന മന്ത്രിമാരും, ആലപ്പുഴയുടെ രണ്ട് എംപിമാരും, നാല് എംഎൽഎമാരും, ജമ്മുകാശ്മീർ ധനമന്ത്രി ഹസീബ് എ ഡാബ്രു, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരും ജലമേള കാണാൻ എത്തും.
മുന്‍ വർഷത്തെ പോലെ സമയം അടിസ്ഥാനമാക്കിയാണ് ഇത്തവണയും മത്സരം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യുന്ന വള്ളങ്ങളാണ് ഫൈനലിൽ എത്തുക. ചുണ്ടൻ വള്ളങ്ങളുടെ അഞ്ച് ഹീറ്റ്സ് മത്സരങ്ങളും പ്രദർശന മത്സരവുമാണ് ഉള്ളത്. ഒരു ഹീറ്റ്സിൽ നാലു ട്രാക്കുകളിലായി വള്ളങ്ങൾ ഉണ്ടാകും. അഞ്ച് ഹീറ്റ്സുകളിൽ നിന്നും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്ത 16 വള്ളങ്ങൾ ഫൈനൽ, ലൂസേഴ്സ് മത്സരങ്ങളിൽ പങ്കെടുക്കും. മികച്ച സമയം കുറിക്കുന്ന നാലു ചുണ്ടനുകളാണ് നെഹ്റുട്രോഫി ഫൈനലിൽ മത്സരിക്കുക. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കാരിച്ചാൽ നാലാം ഹീറ്റ്സിൽ നാലാം ട്രാക്കിലാണ് മത്സരിക്കുക.
കഴിഞ്ഞവർഷം കുമരകം വേമ്പനാട് ബോട്ട് ക്ലബാണ് കാരിച്ചാൽ തുഴഞ്ഞതെങ്കിൽ ഇത്തവണ കുമരകം ടൗണ്‍ ബോട്ട് ക്ലബാണ് കാരിച്ചാലിലെത്തുന്നത്. പായിപ്പാടൻ ചുണ്ടനുമായാണ് ഇത്തവണ കഴിഞ്ഞവർഷത്തെ ജേതാക്കളായ കുമരകം വേമ്പനാട് ബോട്ട്ക്ലബ് എത്തുന്നത്. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരൻ ഗബ്രിയേൽ ചുണ്ടൻ ഇത്തവണ തുഴയുന്നത് എറണാകുളം തുരുത്തിപ്പുറം ബോട്ട്ക്ലബാണ്. ഗബ്രിയേൽ ചുണ്ടൻ കഴിഞ്ഞവർഷം തുഴഞ്ഞ യുബിസി കൈനകരി ഇത്തവണ എത്തുന്നത് മഹാദേവികാട് കാട്ടിൽ തെക്കേതിൽ വള്ളത്തിലാണ്. കഴിഞ്ഞ വർഷത്തെ മൂന്നാം സ്ഥാനക്കാരായ എടത്വ വില്ലേജ് ബോട്ട് ക്ലബ് ആയാപറമ്പ് വലിയ ദിവാൻജിയിലുമാണ് മത്സരിക്കാനെത്തുന്നത്.
നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ദൃക്സാക്ഷി വിവരണത്തിന് ഇക്കുറിയും ആകാശവാണിയുണ്ട്. എട്ടുപേരാണ് ഇത്തവണ രംഗത്തുള്ളത്. ജോസഫ് ഇളംകുളം, ജോളി എതിരേറ്റ്, ഡോ. പ്രഭു മാത്യു, ഡോ. ബിച്ചു എക്സ് മലയിൽ, റ്റി.ബി. ഭദ്രൻ, വിനു കെ. ജോണ്‍, കെ.എ. ബാബു, അജുജോണ് തോമസ് എന്നിവരാണ് കമന്റേറ്റർമാർ. 1955 മുതൽ എല്ലാവർഷവും ആകാശവാണി നെഹ്റുട്രോഫി വള്ളംകളിയുടെ ദൃക്സാക്ഷി വിവരണം പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഫിനിഷിംഗ് പോയിന്റിനൊപ്പം സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്നും തത്സമയ വിവരണം നല്‍കും. ഇന്നുച്ചയ്ക്കു ശേഷം രണ്ടരമുതൽ കേരളത്തിലെ എല്ലാ നിലയങ്ങളിലൂടെയും ഈ പ്രക്ഷേപണം കേൾക്കാം.