06 August, 2017 03:13:04 PM
രവീന്ദ്ര ജഡേജയുടെ അഞ്ചു വിക്കറ്റ് നേട്ടത്തില്‍ ടെസ്റ്റ് പരമ്പര ഇന്ത്യക്കു സ്വന്തം
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്കു സ്വന്തം. രവീന്ദ്ര ജഡേജയുടെ അഞ്ചു വിക്കറ്റ് നേട്ടത്തിന്റെ മികവിൽ ഇന്നിംഗ്സിനും 53 റണ്‍സിനുമായിരുന്നു ഇന്ത്യൻ ജയം. കൊളംബോ ക്രിക്കറ്റ് ടെസ്റ്റിലും വിജയം കണ്ടതോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിരുന്നു.
നാലാം ദിനം ചായയ്ക്കു പിരിയുന്പോൾ 343/7 എന്ന നിലയിലായിരുന്നു ആതിഥേയർ. ചായയ്ക്കുശേഷം 43 റണ്‍സ് കൂടി ചേർത്തപ്പോൾ സ്കോർ 387ൽ ലങ്കയുടെ ഇന്നിംഗ്സ് അവസാനിച്ചു. കുശാൽ മെൻഡിസ്(110), കരുണരത്നെ(144) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യൻ വിജയം വൈകിച്ചത്. രണ്ടു വിക്കറ്റ് വീതം നേടി അശ്വിനും ഹാർദിക് പാണ്ഡ്യയും ജഡേജയ്ക്കു മികച്ച പിന്തുണ നൽകി.
രണ്ടു വിക്കറ്റിന് 209 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ലങ്കയ്ക്ക് സ്കോർ 238ൽ നാലാം ദിനത്തിലെ ആദ്യ വിക്കറ്റ് നഷ്ടമായി. നൈറ്റ് വാച്ച്മാനായി മലിന്ദ പുഷ്പകുമാര പുറത്ത്. പിന്നീട് കൃത്യമായ ഇടവേകളിൽ ബാറ്റ്സ്മാൻമാർ ജഡേജയ്ക്കു വിക്കറ്റുകൾ നൽകി മടങ്ങി. സെഞ്ചുറി നേടി ബാറ്റിംഗ് തുടർന്ന കരുണരത്നെ 144 റണ്‍സ് നേടി പുറത്തായി. എയ്ഞ്ചലോ മാത്യൂസ് 36 റണ്‍സ് നേടി. 152 റണ്‍സ് വഴങ്ങിയാണ് ജഡേജയുടെ അഞ്ചുവിക്കറ്റ് നേട്ടം.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 622ന് മറുപടി നൽകിയ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 183 റണ്‍സിൽ തീർന്നു. ഇന്ത്യക്കു 439 റണ്‍സിന്റെ തകർപ്പൻ ലീഡ്. ആദ്യ ഇന്നിംഗ്സിൽ അശ്വിൻ അഞ്ചു വിക്കറ്റും മുഹമ്മദ് ഷാമി, രവിന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
രണ്ടാം ഇന്നിംഗ്സിനു ബാറ്റിംഗിനിറങ്ങാതെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ലങ്കയെ ഫോളോ ഓണിനു വിളിച്ചു. ഫോളോ ഓണിൽ ലങ്കൻ ബാറ്റ്സ്മാന്മാരായ കുശാൽ മെൻഡിസും (110) ദിമുത് കരുണരത്നെയും ചേർന്ന് ഇന്ത്യൻ ബൗളർമാരെ സമർഥമായി നേരിട്ടതോടെ ലങ്ക മികച്ച രീതിയിലാണ് മൂന്നാം ദിനം ബാറ്റിംഗ് അവസാനിപ്പിച്ചത്.