01 August, 2017 06:38:51 AM
മോയിന്‍ അലിക്ക് ഹാട്രിക്ക്; ഇംഗ്ലണ്ടിന് കൂറ്റന്‍ ജയം
ലണ്ടന്‍: ഹാട്രിക്കടക്കം നാല് വിക്കറ്റുകള്‍ പിഴുത് മോയിന്‍ അലി താരമായപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം. 239 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നില്‍. 492 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 252 റണ്‍സില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 353ഉം രണ്ടാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 313ഉം റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു.
75ാം ഓവറിന്റെ അഞ്ചാം പന്തില്‍ എല്‍ഗാര്‍, ആറാം പന്തില്‍ റബാഡ, 77ാം ഓവറിന്റെ ആദ്യ പന്തില്‍ മോണ്‍ മോര്‍കല്‍ എന്നിവരെ വീഴ്ത്തിയാണ് അലി ഹാട്രിക്ക് തികച്ചത്. 100 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രമുറങ്ങുന്ന ഓവല്‍ പിച്ചില്‍ ഹാട്രിക്ക് സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന പെരുമയും അലി സ്വന്തമാക്കി. ഹാട്രിക്ക് വിക്കറ്റുകള്‍ തികയ്ക്കുന്ന 13ാം ഇംഗ്ലീഷ് താരമായും അലി മാറി. കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കക്കായി സെഞ്ച്വറിയുമായി (113) ഡീന്‍ എല്‍ഗാര്‍ മാത്രമാണ് പൊരുതിയത്. അലി നാലും റോളണ്ട് ജോണ്‍സ് മൂന്നും ബെന്‍ സ്റ്റോക്‌സ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. സെഞ്ച്വറിയടക്കം ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത സ്റ്റോക്‌സാണ് കളിയിലെ കേമന്‍.