28 July, 2017 11:28:48 PM
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്
ഗോൾ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. മൂന്നാം ദിനം 189/3 എന്നനിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ഇന്ത്യക്ക് രണ്ടു ദിനം ശേഷിക്കെ 498 റണ്‍സിന്റെ മൊത്തം ലീഡായി. 309 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കൂട്ടിച്ചേർത്താണിത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കായി നായകൻ വിരാട് കോഹ്ലിയും ഓപ്പണർ അഭിനവ് മുകുന്ദും തിളങ്ങി. മുകുന്ദ് 81 റണ്‍സ് നേടി പുറത്തായപ്പോൾ കോഹ്ലി 76 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്.
മൂന്നാം വിക്കറ്റിൽ കോഹ്ലിയും മുകുന്ദും ചേർന്ന് 133 റണ്‍സ് കൂട്ടിച്ചേർത്തു. ഒന്നാം ഇന്നിംഗ്സിലെ ബാറ്റിംഗ് ഹീറോകളായ ശിഖർ ധവാൻ(14), ചേതേശ്വർ പുജാര(15) എന്നിവർക്ക് രണ്ടാം ഇന്നിംഗ്സിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. നേരത്തെ, ഇന്ത്യയുടെ 600 എന്ന കൂറ്റൻ സ്കോറിനെ പിന്തുടർന്നിറങ്ങിയ ലങ്ക ഫോളോഓണ്‍ ഒഴിവാക്കാൻ 246 റണ്‍സ് എന്ന ലക്ഷ്യത്തോടെയാണ് മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എയ്ഞ്ചലോ മാത്യൂസും ദിൽറുവാൻ പെരേരയും ചേർന്ന് തുടക്കത്തിൽ പ്രതീക്ഷ നൽകുകയും ചെയ്തു.
ആറാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് (62) പടുത്തുയർത്തിയ ഇരുവരും ലങ്കൻ സകോർ 200 കടത്തി. എന്നാൽ സ്കോർ 205ൽ എത്തിയപ്പോൾ മാത്യൂസ്(83) പുറത്തായി. ഉച്ചഭക്ഷണത്തിനു പിരിയുന്പോൾ 289/8 എന്ന നിലയിലായിരുന്നു ആതിഥേയർ. ഭക്ഷണത്തിനുശേഷം മൂന്നു റണ്‍സ് കൂടി ചേർക്കുന്നതിനിടെ ലങ്കൻ ഇന്നിംഗ്സിനു തിരശീല വീഴ്ത്താൻ ഇന്ത്യക്കു കഴിഞ്ഞു. ദിൽറുവാൻ പെരേര 92 റണ്‍സുമായി പുറത്താകാതെനിന്നു. തുടർന്ന് ശ്രീലങ്കയെ ഫോളോഓണ്‍ ചെയ്യാൻ അനുവദിക്കാതെ ഇന്ത്യ വീണ്ടും ബാറ്റിംഗ് ആരംഭിക്കുകയായിരുന്നു.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും, മുഹമ്മദ് ഷാമി രണ്ടു വിക്കറ്റും ഉമേഷ് യാദവ്, ആർ.അശ്വിൻ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, ശിഖർ ധവാൻ (190), ചേതേശ്വർ പൂജാര (153) എന്നിവരുടെ സെഞ്ചുറികളും അജിൻക്യ രഹാനെ (57), അരങ്ങേറ്റതാരം ഹാർദിക് പാണ്ഡ്യ(50) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യക്കു വൻ സ്കോർ സമ്മാനിച്ചത്.