28 July, 2017 11:08:41 PM
ലോക ചാമ്പ്യൻഷിപ്പിൽ പി.യു.ചിത്രയെ പങ്കെടുപ്പിക്കണമെന്നു ഹൈക്കോടതി
കൊച്ചി: ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിനുള്ള ടീമിൽ മലയാളി താരം പി.യു.ചിത്രയെയും ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്. യോഗ്യത നേടിയിട്ടും സാധ്യതാപട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരേ ചിത്ര നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ഇടക്കാല ഉത്തരവാണ് ഹൈക്കോടതി നടത്തിയത്. ഇക്കാര്യത്തിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും.
ചിത്രയുടെ മത്സര ഇനമായ 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരിന്റെയും അത്ലറ്റിക് ഫെഡറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹൈക്കോടതി ഉത്തരവിട്ടെങ്കിലും അടുത്തമാസം ആദ്യം ലണ്ടനിൽ തുടങ്ങുന്ന ലോകചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീം കഴിഞ്ഞദിവസം ന്യൂഡൽഹിയിൽനിന്ന് പുറപ്പെട്ടിരുന്നു. മാത്രമല്ല, പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ അന്തിമ പട്ടിക അത്ലറ്റിക് ഫെഡറേഷനു കൈമാറുകയും ചെയ്തു. ഇതിനാൽതന്നെ ചിത്രയെ ടീമിൽ ഉൾപ്പെടുത്തുന്നതിന്റെ സാധ്യത വിരളമാണ്.
14 ഇനങ്ങളിലായി 24 അംഗ ടീമാണ് ലണ്ടനിൽ നടക്കുന്ന ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എന്നാൽ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ മൂന്നു പേരില്ല. ചിത്രയ്ക്കൊപ്പം സുധാ സിംഗും അജയ്കുമാർ സരോജുമാണ് പട്ടികയിൽനിന്നു പുറത്തായത്. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്റെ യോഗ്യതാ മാർക്ക് കണ്ടെത്തിയവർക്കും അതാതു മേഖലകളിലെ ചാന്പ്യൻഷിപ്പുകളിലെ സ്വർണ വിജയികൾക്കുമാണ് ലോക മീറ്റിൽ മത്സരിക്കാനുള്ള അവസരമുള്ളത്.
ഇരുപതിന് തയാറാക്കിയ ടീം പട്ടിക പുറത്ത് വിട്ടത് 23 ന് രാത്രി എട്ടിനായിരുന്നു. എന്തുകൊണ്ടാണ് ഇത്രയും താമസിച്ചതെന്ന ചോദ്യത്തിന് അത്ലറ്റിക് ഫെഡറേഷൻ വ്യക്തമായ ഉത്തരം ഇതേവരെ നൽകിയിട്ടില്ല. ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണം നേടുന്നവരെല്ലാം ലോക മീറ്റിൽ പങ്കെടുക്കുമെന്ന് എഎഫ്ഐ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വാക്ക് തെറ്റിച്ചാണ് ചിത്രയെ പട്ടികയിൽനിന്ന് പുറത്താക്കിയത്.