26 July, 2017 08:48:13 AM


ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കും



കൊളംബോ : ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. ആദ്യ ടെസ്റ്റ് ഇന്ന് ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുക. രവി ശാസ്ത്രി പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരത്തില്‍ ഏറെ കരുതലോടെയാണ് ഇന്ത്യ ഇറങ്ങുക. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മുരളി വിജയും ഇന്ന് കളിച്ചേക്കില്ല. പകരം ശിഖര്‍ ധവാനും അഭിനവ് മുകുന്ദുമാകും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.


ടെസ്റ്റ് ക്രിക്കറ്റില്‍ റെക്കോഡ് പ്രകടനം തുടരുന്ന ഓഫ് സ്പിന്നര്‍ അശ്വിന്റെ 50 ആം ടെസ്റ്റ് മല്‍സരമാണിത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചേക്കും. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് നായകന്‍ ദിനേശ് ചാണ്ഡിമലിന് പകരം, രംഗന ഹെറാത്തിന്റെ നായകത്വത്തിലാണ് ലങ്ക ഇന്നിറങ്ങുന്നത്. ടീമില്‍ മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇടംകൈയന്‍ സ്പിന്നര്‍ മലിന്ദ പുഷ്പകുമാര ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചേക്കും.


മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20 യും ശ്രീലങ്കന്‍ പര്യടനത്തിലുണ്ട്. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് മൂന്നു മുതല്‍ ഏഴു വരെ കൊളംബോയിലും മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് 12 മുതല്‍ 16 വരെ പല്ലേകലേയിലും നടക്കും. തുടര്‍ന്ന് അഞ്ചു മത്സര ഏകദിന പരമ്പരയിലും ഒരു ട്വന്റി മത്സരത്തിലും ഇന്ത്യ കളിക്കുന്നുണ്ട്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 20ന് ധാംബുള്ളയിലാണ്. സെപ്റ്റംബര്‍ ആറിന് കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് ട്വന്റി 20 മത്സരം അരങ്ങേറുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K