24 July, 2017 12:18:50 AM
വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് ചാമ്പ്യൻമാർ
ജയത്തിലേക്ക് അനായാസം മുന്നേറുകയായിരുന്ന ഇന്ത്യക്ക് ആദ്യ പ്രഹരം കൗറിന്റെ പുറത്താകലോടെയായിരുന്നു. അർധ സെഞ്ചുറി നേടിയതിന്റെ ആവേശത്തിൽ ഉയർത്തിയടിച്ച കൗർ ബൗണ്ടറിയിൽ ബോമൗണ്ട് പിടിച്ചാണ് പുറത്തായത്. തുടക്കത്തിലെ രണ്ടുവിക്കറ്റ് നഷ്ടമായ ഇന്ത്യയെ പൂനം റൗത്തും കൗറും ചേർന്ന് മത്സരത്തിലേക്ക് തിരികെ എത്തിച്ചതായിരുന്നു. കൗർ പുറത്താകുമ്പോഴും ഇന്ത്യൻ ക്യാമ്പിൽ ജയപ്രതീക്ഷ നിലനിന്നിരുന്നു.
എന്നാൽ 42.5 ഓവറിൽ ഷ്രുബ്സലെയുടെ പന്തിൽ റൗത്ത് വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്തായി. പിന്നാലെയെത്തിയ സുഷമ വർമയും വന്നതുപോലെ മടങ്ങി. ഇതോടെ സമ്മർദത്തിലായ വേദ അനാവശ്യ ഷോട്ടിന് മുതിർന്ന് പടിക്കൽ കലമുടച്ചു. പിന്നീട് എല്ലാം വളരെവേഗമായിരുന്നു. ദീപ്തി ശർമ (14), ജൂലിയൻ ഗോസ്വാമി (0), ശിഖാ പാണ്ഡെ (4), രാജേശ്വരി ഗെയ്ക്ക്വാദ് (0) ഒന്നുപൊരുതാൻപോലും മെനക്കെടാതെ എല്ലാവരും ബാറ്റുവച്ചു കീഴടങ്ങി.