14 July, 2017 10:11:21 PM
ബിസിസിഐ യോഗത്തിൽ പങ്കെടുത്ത എൻ.ശ്രീനിവാസന് സുപ്രീം കോടതി നോട്ടീസ്
ദില്ലി: ബിസിസിഐ മുൻ പ്രസിഡന്റ് എൻ.ശ്രീനിവാസനും മുൻ സെക്രട്ടറി നിരഞ്ജൻ ഷായ്ക്കും സുപ്രീം കോടതി നോട്ടീസ്. കോടതി അയോഗ്യരാക്കിയിട്ടും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച്, ജൂണ്‍ 26ന് നടന്ന ബിസിസിഐയുടെ പ്രത്യേക വാർഷിക ജനറൽബോഡി യോഗത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
അയോഗ്യരാക്കപ്പെട്ട ശ്രീനിവാസനും നിരഞ്ജൻ ഷായും കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നത് തടയുക എന്ന സ്ഥാപിത താത്പര്യത്തോടെയാണ് പ്രവർത്തിച്ചതെന്നു കാട്ടി അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയാണ് കോടതിയെ സമീപിച്ചത്. യോഗത്തിൽ പങ്കെടുത്ത മറ്റംഗങ്ങളുടെ താത്പര്യങ്ങൾ ഹൈജാക്ക് ചെയ്യാൻ ഇവർ ശ്രമിച്ചെന്നും ഹർജിയിൽ ആരോപിച്ചു.
അതേസമയം, ബിസിസിഐ യോഗത്തിൽ പങ്കെടുക്കുന്നതിനായി ശ്രീനിവാസനെ നിയോഗിക്കാൻ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് അധികാരമുണ്ടെന്ന് ശ്രീനിവാസനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.