10 July, 2017 11:02:57 AM
ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പ്: ചരിത്രത്തില്‍ ഇന്ത്യക്കു ആദ്യ കിരീടം
ഭൂവനേശ്വര്‍: ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ 44 വർഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യക്കു കിരീടം. കലിംഗ സ്റ്റേഡിയത്തിൽ നടന്ന നാലു ദിന പോരാട്ടത്തിൽ, ഏഷ്യയിലെ അത്ലറ്റിക് പവർ ഹൗസായ ചൈനയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് ഇന്ത്യ ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയത്. 12 സ്വർണവും അഞ്ചു വെള്ളിയും 12 വെങ്കലവുമടക്കം 29 മെഡലുകൾ കഴുത്തിലണിഞ്ഞ് ടീം ഇന്ത്യ കലിംഗയിൽ ത്രിവർണം പുതച്ചു. ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിന്റെ ഏതെങ്കിലും പതിപ്പിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ മെഡൽവേട്ടയാണിത്.
1985ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ 10 സ്വർണവും അഞ്ചു വെള്ളിയും ഏഴു വെങ്കലവുമുൾപ്പെടെ 22 മെഡലുകൾ നേടിയതാണ് ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ഇതിൽ പി.ടി. ഉഷ മാത്രം അഞ്ചു സ്വർണം സ്വന്തമാക്കിയിരുന്നു. 1989ൽ ന്യൂഡൽഹി ചാന്പ്യൻഷിപ്പിലും ഇന്ത്യ 22 മെഡലുകൾ സ്വന്തമാക്കിയിരുന്നു. എട്ടു സ്വർണവും അഞ്ചു വെള്ളിയും ഏഴു വെങ്കലവുമായിരുന്നു അന്നത്തെ മെഡൽ വിഹിതം.
ഇന്ത്യയുടെ കിരീടനേട്ടത്തിൽ ഇന്ധനമായത് മലയാളികളുടെ പ്രകടനമാണ്. രണ്ടു സ്വർണമുൾപ്പെടെ 13 മെഡലുകളാണു മലയാളികളുടെ അഭിമാനതാരങ്ങൾ സ്വന്തമാക്കിയത്. പങ്കെടുത്ത 18 മലയാളികളിൽ 13 പേർക്കും മെഡൽ നേടാനായി. ഇതിൽ മുഹമ്മദ് അനസിനും പി.യു. ചിത്രയ്ക്കും സ്വർണം ലഭിച്ചു. അനസിന് 400 മീറ്ററിനു പുറമേ 4x400 മീറ്റർ റിലേയിലും സ്വർണമുണ്ട്.
ചാന്പ്യൻഷിപ്പിന്റെ ആദ്യദിനം മുതൽ ഒന്നാം സ്ഥാനത്തു തുടർന്ന ഇന്ത്യ അവസാന ദിനവും അതു തുടർന്നു. ഇന്നലെ മാത്രം കലിംഗയിൽ അഞ്ചു തവണ ദേശീയഗാനം മുഴങ്ങി. കൂടാതെ ഒരു വെള്ളിയും മൂന്നു വെങ്കലവും ഇന്നലെ ലഭിച്ചു.