05 July, 2017 11:36:07 PM
വിംബിൾഡൺ: വിക്ടോറിയ അസരങ്കയും വാട്സണും മൂന്നാം റൗണ്ടിൽ
ലണ്ടൻ: മുൻ ലോക ഒന്നാം നമ്പർ വിക്ടോറിയ അസരങ്ക വിംബിൾഡൺ മൂന്നാം റൗണ്ടിൽ കടന്നു. പതിനഞ്ചാം സീഡ് എലീന വെസ്നീനയെയാണ് അസരങ്ക വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 6-3, 6-3. അമ്മയായതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന അസരങ്ക 2017 ൽ ഇത് രണ്ടാമത്തെ ടൂർണമെന്റിലാണ് പങ്കെടുക്കുന്നത്. മത്സരത്തിനിടെ വെസ്നീനയ്ക്ക് ഇടുപ്പിന് പരിക്കേറ്റെങ്കിലും വൈദ്യസഹായം തേടിയ ശേഷം മത്സരം പൂർത്തിയാക്കി.
ബ്രിട്ടന്റെ ഹീഥർ വാട്സണും മൂന്നാം റൗണ്ടിൽ കടന്നു. ലാത്വിയ താരം അനസ്താസിയ സെവസ്തോവയെ പരാജയപ്പെടുത്തിയാണ് വാട്സൺ മുന്നേറിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു ബ്രിട്ടീഷ് താരത്തിന്റെ വിജയം. ആദ്യ സെറ്റ് ഒരു ഗെയിംപോലും വഴങ്ങാതെ സ്വന്തമാക്കിയ വാട്സൺ ഒരു മണിക്കൂറിനുള്ളിൽ എതിരാളിയെ വീഴ്ത്തി. സ്കോർ: 6-0, 6-4. മൂന്നാം റൗണ്ടിൽ വാട്സണും അസരങ്കയും ഏറ്റുമുട്ടും.