19 January, 2016 01:57:33 PM
ഹരിപ്പാട് - അമ്പലപ്പുഴ ഇരട്ടപ്പാത 2017 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും
ആലപ്പുഴ: തീരദേശ റെയില്‍പാതയിലെ ഹരിപ്പാട്-അമ്പലപ്പുഴ ഭാഗം 2017 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ലക്ഷ്യമിട്ടു. 2016 ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്നാണ് മുന്‍പ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ റെയില്‍വേ വികസന പദ്ധതികള്‍ നീളുന്നതില്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ സമയക്രമം ഖ്യാപിച്ചത്. 18 കിലോമീറ്റര്‍ വരുന്ന ഹരിപ്പാട്-അമ്പലപ്പുഴ പാതയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ ഏറെക്കുറെ പൂര്‍ത്തിയായി. ഭൂമി കൈമാറിയ സ്ഥലങ്ങളില്‍ഗ്രാവല്‍ നിരത്തുന്ന ജോലികള്‍ നടന്നുവരുകയാണ്. പാത ഇരട്ടിപ്പിക്കലിനായി 19.2479 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുത്തത്.
ഹരിപ്പാട്-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ മാത്രമേ അമ്പലപ്പുഴ- തുറവൂര്‍-കുമ്പളം ജോലികള്‍ തുടങ്ങാന്‍ കഴിയൂ. ഇതിന് അനുമതിയായിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ 110 കോടി രൂപയാണ് പാത ഇരട്ടിപ്പിക്കലിന് വകയിരുത്തിയത്. സ്ഥലമെടുപ്പ് സംബന്ധിച്ച് തര്‍ക്കമില്ലാത്ത സ്ഥലങ്ങളില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബജറ്റിതര വിഭാഗത്തില്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ ചെയ്യുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള കൊച്ചിയിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് നിര്‍ത്തലാക്കിയത് ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.