03 August, 2023 02:55:12 PM


'ഞാന്‍ എന്‍റെ കര്‍മം ചെയ്തു'; മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ കീഴടക്കിയത് സാഹസികമായി



തിരുവല്ല: മാതാപിതാക്കളെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. യുവാവ് കൊല നടത്തിയ ശേഷം നാട്ടുകാരുടെ മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒടുവില്‍ പൊലീസും നാട്ടുകാരും എത്തിയാണ് പ്രതിയായ യുവാവിനെ കീഴടക്കിയത്.

പുളിക്കീഴ് നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി, ഭാര്യ ശാരദ എന്നിവരെയാണ് ഇളയമകനായ അനില്‍ വെട്ടിക്കൊന്നത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം 'ഞാന്‍ എന്‍റെ കര്‍മം ചെയ്തു' എന്നുപറഞ്ഞ് പ്രതി വീടിന് മുന്നില്‍നില്‍ക്കുകയായിരുന്നു എന്നാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരിലൊരാള്‍ പ്രതികരിച്ചത്. കര്‍മം ചെയ്‌തെങ്കില്‍ മാറിനില്‍ക്ക്, അവരെ ആശുപത്രിയില്‍ കൊണ്ടുപോകട്ടെ എന്നുപറഞ്ഞപ്പോളും പ്രതി അതിന് സമ്മതിച്ചില്ല.

ഇന്നലെ രാത്രി വീട്ടിലെത്തിയ അനില്‍ മാതാപിതാക്കളുമായി വഴക്കിട്ടിരുന്നതായി വിവരമുണ്ട്. ബഹളംകേട്ട് പോലീസിനെ വിളിച്ചറിയിച്ചെങ്കിലും രാത്രി പൊലീസ് എത്തിയില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ അച്ഛനെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതി, പിന്നാലെ അമ്മയെയും ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ഇയാള്‍ വെട്ടുകത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാൽ വെട്ടേറ്റ ദമ്പതിമാരെ ആശുപത്രിയിലെത്തിക്കാൻ വൈകി. ആദ്യം സ്ഥലത്തെത്തിയ പൊലീസിന് നേരേയും ഇയാൾ കയര്‍ത്തു. ഒടുവില്‍ കൂടുതല്‍ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും വെട്ടേറ്റ മാതാപിതാക്കള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു.

അനിലും മാതാപിതാക്കളും തമ്മില്‍ വര്‍ഷങ്ങളായി വഴക്കും പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടെന്നാണ് സമീപവാസികൾ പറയുന്നത്. അനിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നേരത്തെ പലതവണ ഇവര്‍ പരാതികള്‍ കൊടുത്തിരുന്നതായും നാട്ടുകാര്‍ പറയുന്നു. മകന്‍റെ ഉപദ്രവം കാരണം ദമ്പതിമാര്‍ ഇടയ്ക്ക് മാറി താമസിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്. 

കൃഷ്ണന്‍കുട്ടി-ശാരദ ദമ്പതിമാര്‍ക്ക് മൂന്നുമക്കളാണുള്ളത്. ഇതില്‍ ഇളയമകനാണ് അനില്‍. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും നാട്ടുകാര്‍ സംശയിക്കുന്നു. സംഭവത്തില്‍ അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K