28 July, 2023 02:23:41 PM
കാണാതായ ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയെന്ന് ഭാര്യ; പിറ്റേന്ന് ഭർത്താവിനെ ജീവനോടെ കണ്ടെത്തി
പത്തനംതിട്ട: കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തി. തൊടുപുഴ പൊലീസ് നൗഷാദിനെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. കൂടലിൽ നിന്നുള്ള പൊലീസ് സംഘം തൊടുപുഴയിലേക്കു തിരിച്ചു. നൗഷാദ് റബർ തോട്ടത്തിലെ ജോലിക്കാരനായി കഴിയുകയായാരുന്നു.
ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാന ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി.
എന്നാല്‍ ഇതിനിടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചതെന്നാണ് വിവരം.
അതേസമയം, അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു. അഫ്സാനയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് വൈകാതെ അപേക്ഷ നൽകും. ഇന്നലെ വൈകിട്ട് കൂടൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടു മൊഴി മാറ്റി. മൃതദേഹം സുഹൃത്തിന്‍റെ സഹായത്തോടെ പെട്ടി ഓട്ടോയിൽ കൊണ്ടുപോയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി.
തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ തനിക്ക് അത്തരത്തിൽ ഓട്ടോയില്ലെന്നും അഫ്സാനയെ ജോലിയ്ക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നും ഡ്രൈവർ പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ ഡ്രൈവറെ വിട്ടയച്ചു.