23 June, 2023 12:52:08 PM
ഗൃഹനാഥൻ ജീവനൊടുക്കി; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
പത്തനംതിട്ട: മ്ലാവിനെ വേട്ടയാടിയതിന് ചോദ്യം ചെയ്ത് വിട്ടയച്ചയാളെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വനംമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. റാന്നി വടശേരിക്കര പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണൻ (60) ആണ് മരിച്ചത്.
തൊഴിലുറപ്പ് തൊഴിലാളിയായ ഇദ്ദേഹത്തെ മ്ലാവിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഇയാളെ വിട്ടയച്ചതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്നാണ് രാധാകൃഷ്ണൻ ജീവനൊടുക്കയതെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. തോക്ക് ഹാജരാക്കണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. കേസിന്‍റെ പേരില്‍ പലവട്ടം ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. അതേസമയം രാധാകൃഷ്ണൻ പ്രതിയല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. വിവര ശേഖരണം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് അവർ പറയുന്നത്.
വനം വകുപ്പിന് കീഴില്‍ ഉള്ള റാന്നി ഡിവിഷന്‍ ലെ വടശേരിക്കര റേഞ്ച്ല്‍ പൂച്ച കുളം ഭാഗത്ത് നടന്ന ഒരു വനം കുറ്റ കൃത്യവുമായി ബന്ധപ്പെട്ട് ഒരാള്‍ ജീവനൊടുക്കി എന്ന ആരോപണം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം വിജിലന്‍സ് വിഭാഗം എപിസിസിഎഫിന് നിര്‍ദേശം നല്‍കിയതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ദക്ഷിണ മേഖലാ സിസിഎഫിനോടും വസ്തുതകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.