31 May, 2023 04:49:35 PM
രണ്ടുദിവസം മുന്‍പ് കാണാതായ വീട്ടമ്മയെ പമ്പാനദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പത്തനംതിട്ട: രണ്ടുദിവസം മുന്‍പ് കാണാതായ വീട്ടമ്മയെ പമ്പാനദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട പ്രക്കാനം സ്വദേശി രമാദേവി(60)യുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവില്‍നിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു രമാദേവിയെ കാണാതായത്. തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പമ്പാനദിയില്‍ മൃതദേഹം കണ്ടെത്തിയത്.
ക്ഷേമനിധി ഓഫീസിലേക്കെന്ന പേരില്‍ തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ രമാദേവി മൊബൈല്‍ഫോണും കൊണ്ടുപോയിരുന്നില്ല. ഏറെനേരം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിൽ വിവിധകേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഇതിലൂടെ പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്ത് രമാദേവി ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.
ഓട്ടോഡ്രൈവറും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഇവിടെനിന്ന് രമാദേവി എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസില്‍ വിപുലമായ അന്വേഷണം തുടരുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ രമാദേവിയുടെ മൃതദേഹം പമ്പാനദിയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.