03 January, 2023 07:54:51 PM
ഗവി സഞ്ചാരികളുമായി പോയ ബസ് കൊടുംവനത്തിൽ കുടുങ്ങി; കാട്ടിലൂടെ 5 കി.മീ നടന്ന് യാത്രക്കാര്‍
പത്തനംതിട്ട: ഗവി സഞ്ചാരികളുമായി പോയ പത്തനംതിട്ട ഡിപ്പോയിലെ കെഎസ്ആർടിസി ബസ് കേടായി. പത്തനംതിട്ടയിൽനിന്ന് രാവിലെ ആറരയ്ക്കു കുമളിക്കു പോയ പത്തനംതിട്ട–ഗവി–കുമളി ബസാണ് മടങ്ങി വരും വഴി ആനത്തോടിനും പമ്പയ്ക്കുമിടയിൽ കൊടുംവനത്തിൽ വഴിയിൽ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെ പമ്പ അണക്കെട്ട് കഴിഞ്ഞപ്പോൾ തകരാറിലായ ബസിലുണ്ടായിരുന്ന 28 യാത്രക്കാർ ആനക്കാട്ടിലൂടെ ഏകദേശം 5 കിലോമീറ്ററോളം നടന്ന് സന്ധ്യയോടെ ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റിലെത്തി. രാത്രി ഏഴരയോടെ ഇതു വഴി വന്ന സീതത്തോട് പഞ്ചായത്തിലെ വാഹനത്തിൽ 7 യാത്രക്കാരെ പത്തനംതിട്ടയിൽ എത്തിച്ചു.
ബാക്കി യാത്രക്കാരെ കൊണ്ടുപോകാൻ രാത്രി 10 മണിയോടെ മൂഴിയാറിൽ സ്റ്റേയുള്ള കെഎസ്ആർടിസി ബസ് ആനത്തോട്ടിലെത്തി. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലക്കാരായ വിനോദ സഞ്ചാരികളായിരുന്നു യാത്രക്കാർ. 4 കുട്ടികളുമുണ്ടായിരുന്നു. തകരാർ പരിഹരിക്കാൻ ജീവനക്കാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് കണ്ടക്ടർ സാബുവിന്‍റെ നേതൃത്വത്തിൽ യാത്രക്കാർ കാട്ടാനയും, കാട്ടുപോത്തുകളുമുള്ള കാട്ടിലൂടെ നടന്ന് സന്ധ്യയോടെ ആനത്തോട് അണക്കെട്ടിലെ പൊലീസ് ഔട്ട് പോസ്റ്റിൽ എത്തുകയായിരുന്നു. സന്ധ്യയോടെ ഗവിയിൽ നിന്ന് സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി.ആർ.പ്രമോദ് എത്തിയ വാഹനത്തിൽ ബസ് ഡ്രൈവർ ജയേഷും ഔട്ട് പോസ്റ്റിലെത്തി.
അടൂരിൽനിന്ന് എത്തിയ ഏഴംഗ കുടുംബത്തെ പഞ്ചായത്ത് വാഹനത്തിൽ പത്തനംതിട്ടയിൽ എത്തിച്ചു. പത്തനംതിട്ട– ആങ്ങമൂഴി–മൂഴിയാർ റൂട്ടിൽ സർവീസ് നടത്തുന്ന മൂഴിയാർ കെഎസ്ആർടിസി സ്റ്റേ ബസ് രാത്രി പത്ത് മണിയോടെ ആനത്തോട്ടിൽ എത്തി പത്തനംതിട്ടയിലേക്കു തിരിച്ചതോടെയാണ് മണിക്കൂറുകൾ വനത്തിൽ കുടുങ്ങിയ യാത്രക്കാർക്കു ആശ്വാസമായത്. കേടായ വാഹനം കൊണ്ടുവരാൻ മെക്കാനിക്കലുമായി രാത്രി തന്നെ കെഎസ്ആർടിസി അധികൃതരും ആനത്തോട്ടിൽ എത്തി. ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എം.മണിയുടെ നിർദേശ പ്രകാരം കക്കി സ്റ്റേഷനിൽ നിന്ന് വനപാലകരും ബസിന് സുരക്ഷ ഒരുക്കി ഒപ്പമുണ്ടായിരുന്നു.