10 November, 2022 09:05:44 PM
നാട്ടുകാര്‍ക്ക് 'പാരയായി' റോഡ് നിര്‍മ്മാണം: ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ പരക്കെ പ്രതിഷേധം
പത്തനംതിട്ട: റോഡ് പണിതാലും ഇല്ലെങ്കിലും കിടക്കപ്പൊറുതിയില്ലാത്തത് നാട്ടുകാര്‍ക്ക് തന്നെ. റോഡ് കുഴിയായാല്‍ അപകടങ്ങള്‍ വര്‍ദ്ധിച്ച് മരണം വരെ സംഭവിക്കുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പണികള്‍ ആരംഭിച്ചാലോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പാര വേറെയും. സംസ്ഥാനത്തെ പൊതുമരാമത്തുറോഡുകളുടെ നിര്‍മ്മാണത്തില്‍ വന്‍പരാതിയാണ് വിവിധഭാഗങ്ങളില്‍നിന്നുയരുന്നത്.
ഏറ്റവും അവസാനം ഉയര്‍ന്നത് കുളനടയ്ക്ക് സമീപം റോഡ് പണി തുടങ്ങിയതോടെ വൃദ്ധദമ്പതികള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയായെന്ന വാര്‍ത്തയാണ്. പനങ്ങാട്– പാണിൽ– രാമൻചിറ റോഡരികില്‍ താമസിക്കുന്ന പനങ്ങാട് തെക്കേടത്ത് ശിവരാമ പിള്ള(87)യ്ക്കും ഭാര്യക്കുമാണ് ഈ ദുര്‍ഗതി. റോഡിന്‍റെ അശാസ്ത്രീയ നിർമാണം മൂലം വാഹനം വീട്ടുകാർ പുറത്തിറക്കിയിട്ടു മാസങ്ങൾ കഴിഞ്ഞു. റോഡിന്‍റെയും ഓടയുടെയും അശാസ്ത്രീയ നിർമാണം കാരണം വെള്ളം റോഡിലൂടെ നിരന്ന് ഒഴുകി വീടിന്‍റെ കാർ പോർച്ചിലാണ് എത്തുന്നത്.
റോഡ് ഉയർത്തി പണിതതോടെ വീടിന്‍റെ മുറ്റത്തു നിന്ന് റോഡിലേക്ക് കുത്ത് കയറ്റമാണ്. വീട്ടിലേക്കു ഇറങ്ങുന്നതിന് കോൺക്രീറ്റ് ഇട്ട് നൽകിയെങ്കിലും ഗേറ്റ് തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സ്വന്തമായി വാഹനം ഉണ്ടെങ്കിലും ആശുപത്രി ഉള്‍പ്പെടെ എവിടെ പോകണമെങ്കിലും പുറത്ത് നിന്ന് വാഹനം വിളിക്കണം. ഓടിക്കാതെ ഇട്ടിരിക്കുന്നതിനാൽ കാർ തകരാറിൽ ആകുന്ന അവസ്ഥയിലും. ഇത് ചൂണ്ടികാട്ടി മന്ത്രി, കെഎസ്ടിപി അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടും ആരും കനിയുന്നില്ല.
പനങ്ങാട് ജംക്‌ഷൻ മുതൽ വല്യാന്നൂർ പടി വരെ ഇരുവശങ്ങളിലും ഓട സ്ഥാപിച്ചെങ്കിലും മഴ പെയ്താൽ ഒരുതുള്ളി വെള്ളം പോലും ഓടയിൽ കൂടി ഒഴുകുന്നില്ലെന്നും ആരോപണമുയര്‍ന്നു. റോഡിൽ വെള്ളം നിരന്ന് ഒഴുകുന്നത് കാല്‍നടയാത്രികരേയും ഇരുചക്രവാഹനയാത്രികരേയും ഏറെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. റോഡിന്‍റെ നിർമാണം ആരംഭിച്ചപ്പോൾ തന്നെ നാട്ടുകാർ പണികളെ കുറിച്ച് പരാതി ഉന്നയിച്ചതാണ്. പക്ഷെ അധികൃതർ ഗൗനിച്ചില്ല.
പനങ്ങാട് വല്യാന്നൂർ പടിക്കും പുലിക്കുന്നിനുമിടയിൽ പഴയ കലുങ്ക് പൊളിച്ച് മാറ്റാതെ അരിക് വാർക്കാൻ ശ്രമം നടന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ഇവിടെയുള്ള കലുങ്ക് കഴിഞ്ഞ ദിവസങ്ങളിൽ പൊളിച്ച് പണിയാൻ തുടങ്ങിയത്. പാണിൽ ഭാഗത്ത് നിർമാണം നടക്കവെ കോൺക്രീറ്റ് ബീമുകൾ തകര്‍ന്ന് റോഡ് ഒരു വീടിന്‍റെ മുകളിലേക്ക് നിലം പതിച്ചത് കഴിഞ്ഞ ആഗസ്ത് 3നാണ്. അന്ന് കുട്ടികള്‍ ഉള്‍പ്പെടെ വീട്ടുകാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പാണിൽ ജംഗ്ഷനിൽ നിന്ന് ഉളനാട് ഭാഗത്തേക്ക് തിരിയുന്ന റോഡിന്‍റെ വശത്തും പഴയ കൽക്കെട്ടിന്‍റെ മുകളിൽ വച്ചാണ് കോൺക്രീറ്റ് ബീമുകൾ പണിത് മണ്ണ് ഇട്ടിരിക്കുന്നത്. ഇപ്പോൾ തന്നെ പഴയ കൽക്കെട്ട് തള്ളിനിൽക്കുന്ന അവസ്ഥയാണ്. ഇവിടെ റോഡിന്‍റെ ഒരുവശത്ത് ഓടയില്ലാത്തതിനാൽ സമീപത്തുള്ള കടകളിൽ വെള്ളം കയറുന്നതും ദുരിതമാകുന്നു.
ഇതുപോലെതന്നെ, എഴുകോണില്‍ മാറനാട്-ചീരങ്കാവ് റോഡിൽ വട്ടമൺകാവ് ഭാഗത്തെ വീട്ടുകാർക്ക് മഴപെയ്താല്‍ ഉറക്കമില്ല. മഴയുടെ ശക്തി കൂടിയാൽ വീടിനുള്ളിൽ നീന്തൽക്കുളം തന്നെ രൂപപ്പെടുമെന്നതാണ് അവസ്ഥ. കഴിഞ്ഞ ദിവസം രാത്രിയോടെ പെയ്ത മഴയില്‍ റോഡരികിലെ 6 വീടുകളിലും 2 സ്ഥാപനങ്ങളിലും വെള്ളം കയറി. ഒരു വീട്ടിൽ നിന്നു വയോധികയെ ബന്ധുവീട്ടിലേക്കു മാറ്റുകയും ചെയ്തു. മുളയ്ക്കൽ രാജേന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിലെ സാധനങ്ങൾ വെള്ളം കയറി നശിച്ചു.
മരാമത്ത് വകുപ്പിൽ നിന്ന് കെഎസ്ടിപി ഏറ്റെടുത്തു നടത്തുന്ന റോഡുകളുടെ നിര്‍മ്മാണത്തില്‍ പരാതി വ്യാപകമായി ഉയരുന്നുണ്ട്. നിർമാണം നടക്കുന്ന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്താത്തതാണു അപാകതകൾ ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അതേസമയം, ചില സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേണ്ടി ഉദ്യോഗസ്ഥര്‍ റോഡ്പണിയില്‍ വിട്ടുവീഴ്ച നടത്തുന്നതായും ആരോപണം ഉയരുന്നുണ്ട്. കൊട്ടാരക്കര സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കീഴിലാണ് ഈ മേഖലയില്‍ കെഎസ്ടിപിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.